മുഖ്യമന്ത്രി വി ഡി സതീശൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചീഫ് ഇലക്ട്രൽ ഓഫീസർ രത്തൻ ഖേൽക്കറെ നിയമിക്കുമെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വൻ അട്ടിമറിയുടെ ഫലമാണെന്ന് വ്യക്തമാക്കുന്നതുമാണെന്ന് ഐഎൻഎൽ
യുഡിഎഫ് -ബിജെപി ഡീൽ തെളിഞ്ഞിരിക്കുകയാണ്. നീഗൂഢമായ മാർഗ്ഗത്തിലുടെ മമതാ ബാനർജിയുടെ പാർട്ടിയെ അധികാരത്തിൽ നിന്ന് താഴെയിറക്കി വൻ ഭൂരിപക്ഷത്തോടെ സർക്കാർ ഉണ്ടാക്കിയ ബി.ജെ.പി ആദ്യമായി ചെയ്തത് അവിടുത്തെ ഇലക്ട്രൽ ഓഫീസറെ പിടിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആക്കുകയാണ്. യുഡിഎഫ് -ബിജെപി ഡീൽ മറനീക്കി പുറത്തുവന്ന സ്ഥിതിക്ക് മുഖ്യമന്ത്രി വി ഡി സതീശന് ആ സ്ഥാനത്ത് തുടരാൻ ധാർമ്മികമായി അവകാശമില്ല. എല്ലാ പ്രതീക്ഷയും കണക്കു കൂട്ടലുകളും തെറ്റിച്ച് കൊണ്ട് യുഡിഎഫ് നേടിയ വിജയം സംശയാസ്പദമാണ്.
ചീഫ് ഇലക്ട്രൽ ഓഫീസർ മുൻകൈയ്യെടുത്ത് നടത്തിയ തീവ്ര വോട്ടർപട്ടിക പരിശോധനയിൽ കേരളത്തിൽ ലക്ഷക്കണക്കിന് വോട്ടർമാരുടെ പേര് തള്ളുകയും, പുതുതായി നിരവധി പേരുടെ പേര് ചേർക്കുകയും ചെയ്തിട്ടുണ്ട്. ഇതുപോലെ ബംഗാളിലും ഒരു കോടിയോളം വോട്ടർമാരുടെ പേര് വെട്ടിയിരിക്കുകയാണ്. പ്രത്യേകിച്ചും ന്യൂനപക്ഷ ദുർബല വിഭാഗങ്ങളുടെ. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനായി വിവാദ മാധ്യമ പ്രവർത്തകനും സംഘ്പരിവാർ അനുകൂലിയുമായ റോയി മാത്യുവിനെയാണ് നിയമിച്ചിരിക്കുന്നത്.
കോൺഗ്രസ് ബി.ജെ.പി കൂട്ടുകെട്ട് എല്ലാ അർത്ഥത്തിലും കേരളം കീഴടക്കാൻ പോകുകയാണ്. ഈ വിഷയത്തിൽ യു.ഡി.എഫിലെ മുഖ്യ കക്ഷിയായ മുസ്‌ലിം ലീഗിന് എന്താണ് പറയാനുള്ളതെന്ന് കേരളീയ ജനാധിപത്യ സമൂഹം സാകൂതം കാതോർത്തിരിക്കുകയാണെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു

