തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ ഫലം വന്നതിനു പിന്നാലെ, പരീക്ഷ എഴുതിയ കുട്ടികളെ നെഞ്ചോട് ചേർത്ത് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ കുട്ടികളെ അഭിനന്ദിച്ചതോടൊപ്പം വിജയിക്കാനാകാത്ത കുട്ടികളെ ജീവിതത്തിലെ അവസാന പരീക്ഷയോ അവസാന അവസരമോ അല്ലിതെന്നും ഓർമിപ്പിച്ചു.
വി ഡി സതീശന്റെ കുറിപ്പ്:
“എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍. ഇക്കുറി ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ സാധിക്കാത്ത കുട്ടികള്‍ വിഷമിക്കരുത്. ജീവിതത്തിലെ അവസാന പരീക്ഷയോ അവസാന അവസരമോ അല്ലിത്. ജീവിത വിജയം എന്നത് പരീക്ഷയിലെ മാത്രം വിജയമാണെന്നും കരുതരുത്. പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു.”

