മുക്കം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ യു.ഡി.എഫ് പ്രവർത്തകർക്ക് ആവേശം പകർന്ന് പ്രിയങ്ക ഗാന്ധി മുക്കത്തെത്തി. യു.ഡി.എഫ് സ്ഥാനാർത്ഥിയായ സി കെ കാസിമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം.
തിങ്കൾ വൈകിട്ട് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും, ഏകദേശം രണ്ടര മണിക്കൂർ വൈകിയാണ് പ്രിയങ്ക ഗാന്ധി എത്തിയത്. കനത്ത ചൂടിനെ പോലും അവഗണിച്ച് പ്രവർത്തകരും അനുയായികളും ക്ഷമയോടെ കാത്തുനിന്നത് ശ്രദ്ധേയമായി.
മുക്കം പാലത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ എത്തിയ പ്രിയങ്ക ഗാന്ധിയെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ വരവേറ്റത്. തുടർന്ന് അരമണിക്കൂറിലധികം പ്രവർത്തകരോട് സംസാരിക്കുകയും സംവദിക്കുകയും ചെയ്തു.
പ്രചാരണ വേദിയിൽ ആവേശകരമായ അന്തരീക്ഷം സൃഷ്ടിച്ച പ്രിയങ്ക ഗാന്ധി, സ്ഥാനാർത്ഥിക്ക് ശക്തമായ പിന്തുണ അഭ്യർത്ഥിച്ച ശേഷമാണ് മടങ്ങിയത്

