കുന്ദമംഗലം നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി ടി എ റഹീമിന്റെ മണ്ഡലം തല പൊതു പര്യടനത്തിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പര്യടന പരിപാടി രാവിലെ കാരന്തൂരില്‍ നിന്നാണ് ആരംഭിച്ചത്. പ്രധാന അങ്ങാടികളിൽ സ്വീകരണ കേന്ദ്രങ്ങളൊരുക്കി കാത്തിരുന്ന പ്രവർത്തകർക്കൊപ്പം ഓരോ പ്രദേശത്തെയും ജനങ്ങളെ നേരിൽ കണ്ട് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥന നടത്തി.
പതിമംഗലം, കളരിക്കണ്ടി, വരിട്ട്യാക്ക്, ചെത്തുകടവ്, കൂഴക്കോട്, നെച്ചൂളി, ചേനോത്ത്, പുള്ളന്നൂർ, ഈസ്റ്റ് മലയമ്മ, കളൻതോട്, നായർകുഴി, പാഴൂർ, കൂളിമാട്, താത്തൂർപോയിൽ എന്നിവിടങ്ങളിലെ പര്യടനശേഷം മാവൂരിലാണ് സമാപനം.
സ്വീകരണ കേന്ദ്രങ്ങളിലെ വൻ ജനപങ്കാളിത്തം എൽ.ഡി.എഫ് പ്രവർത്തകരുടെ ആത്മവിശ്വാസം ഉയർത്തുന്നതായി. മണ്ഡലത്തിൽ ഇതുവരെ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചും ഓരോ വിഷയത്തിലെയും ഇടപെടലുകൾ വിശദമാക്കിയും ജനങ്ങളുമായി സംവദിച്ച സ്ഥാനാർഥി പ്രവർത്തകരിൽ ആവേശമുണർത്തി.

പര്യടന പരിപാടിയുടെ ഉദ്ഘാടനം എൽഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ പി ഷൈപു നിർവ്വഹിച്ചു. പി കെ പ്രേമനാഥ്, എം കെ മോഹൻദാസ്, വി അനിൽകുമാർ, ഇ വിനോദ്കുമാർ, ഷാജി പുത്തലത്ത്, ചൂലൂർ നാരായണൻ, ടി കെ മുരളീധരൻ, ടി അതുൽ, പി പി ഷിനിൽ, പി ഷിജിത്ത്, എം ബാലസുബ്രഹ്മണ്യൻ, കെ കെ സദാനന്ദൻ, കെ അഭിജേഷ്, പി കെ സന്തോഷ് എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

