കോഴിക്കോട്: ഭിന്നശേഷി കുട്ടികൾക്ക് പഠനപിന്തുണ ഉറപ്പാക്കുന്നതിനായി സമഗ്രശിക്ഷ ജില്ലയിൽ ‘രസക്കുടുക്ക’ എന്ന പേരില്‍ ഓണ്‍ലൈന്‍ പഠനപിന്തുണാ പരിപാടി ആവിഷ്ക്കരിക്കുന്നു. കൈറ്റിന്റെയും വിക്ടേഴ്സ് ചാനലിന്റെയും മികവുകള്‍ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസവകുപ്പ് ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളൊരുക്കുന്ന പശ്ചാത്തലത്തിലാണിത്. കുട്ടികളും രക്ഷിതാക്കളും റിസോഴ്സ് അധ്യാപികയുമടങ്ങുന്ന ടെലഗ്രാം/ വാട്സ് ആപ് കൂട്ടായ്മയിലൂടെ ഭിന്നശേഷി കുട്ടികള്‍ക്ക് പഠനപിന്തുണ ഉറപ്പാക്കാനുള്ള സവിശേഷ പദ്ധതിയാണിത്.
ലോക്ഡൗണ്‍ കാലത്ത് ഫറോക്ക്, പേരാമ്പ്ര, മാവൂര്‍, പന്തലായനി, വടകര ബി ആര് സികള്‍ ഭിന്നശേഷി കുട്ടികള്‍ക്കായി നടപ്പിലാക്കിയ ഓണ്‍ലൈന്‍ പരിപാടികളുടെ ജില്ലാതല ആവിഷ്കാരമാണ് ‘രസക്കുടുക്ക’. കോവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന ‘ഫസ്റ്റ്ബെല്‍’ പ്രവര്‍ത്തനങ്ങള്‍ ഭിന്നശേഷി കുട്ടികള്‍ക്കു കൂടി പ്രാപ്യമാകുന്ന വിധത്തില്‍ അനുരൂപീകരിക്കുക, ഭിന്നശേഷി കുട്ടികളുടെ ഭാവന, സര്‍ഗാത്മകത, പഠനാഭിമുഖ്യം എന്നിവ രക്ഷിതാക്കളുടെയും അക്കാദമിക പ്രവര്‍ത്തകരുടെയും പിന്തുണയോടെ പരിപോഷിപ്പിക്കുക, ഭിന്നശേഷി കുട്ടികളുടെ പഠന/ സര്‍ഗാത്മക സാക്ഷ്യങ്ങള്‍ വിലയിരുത്തി പ്രചോദനാത്മകമായ ഫീഡ്ബാക്കുകള്‍ നല്കി അവരെ മുഖ്യധാരയിലേക്ക് നയിക്കുക, ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാവാനുള്ള സാങ്കേതിക സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് അത് ലഭ്യമാക്കുക എന്നിവയാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്.
ഓരോ ദിവസത്തെയും ഫസ്റ്റ്ബെല്‍ പ്രവര്‍ത്തനം റിസോഴ്സ് ഗ്രൂപ്പിന്റെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അനുരൂപീകരിച്ച് പിറ്റേന്നു രാവിലെ 10 മണിയോടെ രസക്കുടുക്ക ഗ്രൂപ്പില്‍ പങ്കുവെക്കും. കുട്ടികള്‍ രക്ഷിതാക്കളുടെയും റിസോഴ്സ് അധ്യാപികയുടെയും പിന്തുണയോടെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് സാക്ഷ്യങ്ങള്‍ രാത്രി എട്ടു മണിയോടെ ഗ്രൂപ്പില്‍ പങ്കുവെക്കണം.