മടവൂർ: സാമൂഹ്യ പ്രവർത്തനങ്ങളിലും രാഷ്ട്രീയ രംഗത്തും സജീവമായ ഒരാളായ സലീം മടവൂർ, തന്റെ തിരക്കേറിയ ജീവിതത്തിനിടയിലും പ്രകൃതിയോടും കൃഷിയോടും ഉള്ള സ്നേഹത്തിലൂടെ മാതൃകയാകുന്ന വ്യക്തിത്വമാണ്. അധ്യാപകനായും സാമൂഹ്യപ്രവർത്തകനായും അറിയപ്പെടുന്ന അദ്ദേഹം, ഓരോ ദിവസവും തന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുമ്പ് ശ്രദ്ധ നൽകുന്നത് സ്വന്തം വീട്ടിലെ അടുക്കളത്തോട്ടത്തിനാണ്. വീടിന് ചുറ്റും വർഷങ്ങളായി അദ്ദേഹം മനോഹരമായി പരിപാലിച്ചു വരുന്ന അടുക്കളത്തോട്ടത്തിൽ നിരവധി പച്ചക്കറികൾ വളരുന്നുണ്ട്. ചീര, തക്കാളി, പച്ചമുളക്, വഴുതന, കൈപ്പക്ക തുടങ്ങിയവ ഉൾപ്പെടെ വിവിധ തരം പച്ചക്കറികൾ ഇവിടെ നട്ടുവളർത്തുന്നുണ്ട്. റമദാൻ മാസത്തിലും അദ്ദേഹം ഈ തോട്ടത്തെ പരിചരിക്കുന്നതിൽ യാതൊരു മടിയും കാണിക്കുന്നില്ല. ദിവസേന വെള്ളം നൽകുകയും, രോഗബാധകൾ വരാതിരിക്കാനുള്ള ജൈവപരമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഏതു വീട്ടിലും വളരെ എളുപ്പത്തിൽ അടുക്കളത്തോട്ടം ഒരുക്കാൻ കഴിയും. രാസവളങ്ങൾ ഒഴിവാക്കി വീട്ടിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ വളമാക്കി ഉപയോഗിക്കുന്നതിലൂടെ ആരോഗ്യമുള്ള കൃഷി നടത്താൻ സാധിക്കും. വീടുകളിൽ ഉപേക്ഷിക്കുന്ന പെയിന്റ് ബക്കറ്റുകൾ, ചെറിയ ഡ്രമ്മുകൾ, പാക്കറ്റുകൾ എന്നിവ ഉപയോഗിച്ചും കുറഞ്ഞ സ്ഥലത്ത് പോലും കൃഷി നടത്താമെന്ന് അദ്ദേഹം പറയുന്നു. വീടിന്റെ ടെറസിലും ഇത്തരം കൃഷി ഭംഗിയായി വളർത്താം എന്നതാണ് അദ്ദേഹത്തിന്റെ അനുഭവം മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന രാസവളങ്ങളും മരുന്നുകളും കൂടുതലായി ഉപയോഗിക്കുന്ന പച്ചക്കറികൾ ആരോഗ്യത്തിന് അപകടമാകാൻ സാധ്യതയുണ്ടെന്നും, അതിനാൽ നാട്ടിൽ തന്നെ ജൈവകൃഷി വ്യാപകമാകുന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് കൊറോണ കാലത്തിനുശേഷം ആളുകൾ അടുക്കളത്തോട്ടത്തോടും ജൈവകൃഷിയോടും കൂടുതൽ താൽപര്യം കാണിക്കുന്നതായും അദ്ദേഹം പറയുന്നു.നാടിന്റെ എല്ലാ സ്പന്ദനങ്ങളും അറിയുന്ന, മനുഷ്യരോട് കരുണയും സ്നേഹവും പുലർത്തുന്ന വ്യക്തിത്വമാണ് സലീം മടവൂർ. തിരക്കേറിയ ജീവിതത്തിനിടയിലും പ്രകൃതിയോടൊപ്പം ചില നിമിഷങ്ങൾ ചെലവഴിക്കുന്നത് മനസ്സിന് സന്തോഷവും സമാധാനവും നൽകുന്ന അനുഭവമാണെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. കുറച്ച് സമയം മാറ്റിവെച്ചാൽ ഏത് വീട്ടിലും ഇത്തരമൊരു സന്തോഷകരമായ ജീവിതശൈലി വളർത്തിയെടുക്കാൻ കഴിയും. അതിനാൽ എല്ലാവരും അടുക്കളത്തോട്ടം എന്ന ആശയത്തിലേക്ക് എത്തുകയും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം എന്നാണ് സലീം മടവൂരിന്റെ സന്ദേശം.

