കുന്ദമംഗലം: കളരിക്കണ്ടിയിലെ ബാബുവിൻ്റെ കൊലപാതക കേസിൽ ഫോറൻസിക് വിദഗ്ധരും പോലീസും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവം നടന്ന സ്ഥലത്താണ് ഉച്ചയോടെ കുന്ദമംഗലം പോലീസും ഫോറൻസിക് വിദഗ്ധരും എത്തിയത്. എന്നാൽ സംഭവത്തിലെ പ്രധാന പ്രതി ശശീന്ദ്രനെ തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നില്ല. കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി കൊണ്ടുവരുമെന്നാണ് ലഭ്യമാകുന്ന വിവരം. കുന്ദമംഗലം എസ്എച്ച് കിരൺ ഉൾപ്പെടെയുള്ള അന്വേഷണസംഘമാണ് സംഭവം നടന്ന സ്ഥലം പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു മടങ്ങിയത്.
ശശീന്ദ്രൻ്റെ ആസൂത്രിത നീക്കം വർഷങ്ങളായ വൈരാഗ്യം; കൊട്ടേഷൻ സംഘത്തെ ഉപയോഗിച്ചുള്ള ആക്രമണമെന്നാണ് സൂചന
കുന്ദമംഗലം കളരിക്കണ്ടിയിൽ ബാബുവിന്റെ മരണത്തിന് പിന്നിൽ ആസൂത്രിതമായ ആക്രമണമുണ്ടെന്ന സംശയം ശക്തമാകുന്നു. വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന വ്യക്തിപരമായ കുടുംബ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന സൂചന.
നാട്ടുകാരുടെ മുന്നിൽ ഏറെ സൗഹൃദം നടിച്ചുകൊണ്ട് കാലങ്ങളായി അവസരം കാത്തിരുന്ന ഒരാളാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന സംശയമാണ് ഉയരുന്നത്. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. പല ഘട്ടങ്ങളിലും ബാബുവുമായി സൗഹൃദപരമായ ബന്ധം നിലനിർത്തുന്നുവെന്ന തരത്തിൽ പെരുമാറിയതിനാൽ ഈ നീക്കത്തിന്റെ യഥാർത്ഥ ഉദ്ദേശം ബാബുവിന് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് നാട്ടുകാർ പറയുന്നു.
ചിലർ ബാബുവിനോട് ശശീന്ദ്രനെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പും നൽകിയിരുന്നുവെങ്കിലും, ആ ചതിക്കുഴി തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഒടുവിൽ ഉത്സവപ്പറമ്പിൽ നിന്ന് വിളിച്ചു വരുത്തിയ ശേഷമാണ് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ബാബു പിന്നീട് വീട്ടിലെത്തിയതോടെ അബോധാവസ്ഥയിലായി. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്തസ്രാവം ഉണ്ടായ ഉടനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞതായും അറിയുന്നു.
സൗമ്യസ്വഭാവക്കാരനായിരുന്നു ബാബു എന്നും നിഷ്കളങ്കമായ സ്വഭാവം കൊണ്ടാണ് ഇത്തരമൊരു ചതിയിൽപ്പെട്ടതെന്നും നാട്ടുകാർ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ശശീന്ദ്രന്റെ സ്കൂട്ടർ അഗ്നികിരയാക്കിയിരുന്നു ഇതിൻ്റെ അന്വേഷണം നടന്നുവരികയാണ്. ആക്രമണത്തിൽ പങ്കെടുത്തതായി കരുതുന്ന രണ്ടുപേരെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ഇത്തരം കൊട്ടേഷൻ ആക്രമണങ്ങൾ ഏറ്റെടുത്ത് നടത്താറുള്ള സംഘത്തിലെ കണ്ണികളാണ് പ്രതികളെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കഴിഞ്ഞ കുറച്ചു കാലമായി പോലീസിന്റെ ശക്തമായ ഇടപെടലുകൾ മൂലം ഇത്തരം സംഘങ്ങളുടെ പ്രവർത്തനം കുറവുണ്ടായിരുന്നെങ്കിലും, വീണ്ടും ചില സംഘങ്ങൾ സജീവമാകുന്ന പ്രവണതയാണ് കാണപ്പെടുന്നത്.
ഇത് നാട്ടുകാരിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാൻ ശക്തമായ പോലീസ് നടപടി അനിവാര്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം. കാപ്പാ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ മുമ്പ് പലരെയും അറസ്റ്റ് ചെയ്തത്ജയിലിൽ അടച്ചിരുന്നു, കർശനമായ നടപടികളിലൂടെ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാൻ കഴിയൂ എന്നതാണ് വിലയിരുത്തൽ.
രഹസ്യാന്വേഷണ വിഭാഗങ്ങൾക്കു ലഭിക്കുന്ന സൂചനകൾ പ്രകാരം ചില ക്രിമിനൽ സംഘങ്ങൾ വീണ്ടും ശക്തിപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത്തരം സംഘങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ പോലീസ് ജാഗ്രതയോടെ ഇടപെടുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.

