തിരുവനന്തപുരം: കേരളത്തില്‍ നാലു മാസം നീണ്ടു നിൽക്കുന്ന മഴക്കാലത്തിനു ആരംഭം. ഇന്ന് മുതൽ കാലവര്‍ഷത്തിനു തുടക്കമായെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ അഞ്ചിനാണ് കാലവര്‍ഷമെത്തുക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇത് നേരത്തെ എത്തിയെന്നാണ് അധികൃതർ അറിയിക്കുന്നത്
അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്ത് തുടര്‍ച്ചയായ മഴയുണ്ടാവും. സാധാരണ നിലയിലുള്ള മഴയാണ് ഈ കാലവര്‍ഷത്തിലും ഉണ്ടാവുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്കൈനെറ്റ് കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചതായി ശനിയാഴ്ച അറിയിച്ചിരുന്നെങ്കിലും കാലാവസ്ഥാ വകുപ്പ് ഇത് നിഷേധിക്കുകയായിരുന്നു. അതേസമയം, അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തിങ്കളാഴ്ച ഉച്ചകഴിയുന്നതോടെ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ബുധനാഴ്ച മഴ കനക്കാന്‍ സാധ്യതയുണ്ട്

