കോഴിക്കോട് : പുലർച്ചെ സുബഹി വാങ്ക് കൊടുക്കന്നതിനു മുൻപ് അത്താഴം കഴിച്ച് നോമ്പു നോൽക്കുന്ന കുടുംബത്തെ കാണാൻ കഴിയുന്നത് ഈ റമ്ളാൻ മാസത്തിൽ പുതുമയുള്ളതൊന്നല്ല. എന്നാൽ അതൊരു ഹിന്ദു കുടുംബമായാൽ നമുക്കതൊരു കൗതുകം തന്നെയാണ്. അതിനപ്പുറം നമ്മുടെ നാടിൻറെ മതേതരത്വം ചൂണ്ടി കാണിക്കുന്ന രേഖപെടുത്തലാണ്. അങ്ങനൊരു കുടംബത്തെ കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിലൂടെ പരിചയപെടാം.
കോഴിക്കോട് കുന്ദമംഗലത്ത് അജ്മൽ സ്റ്റുഡിയോ നടത്തുന്ന കണ്ണോറ സുനിലിന്റെ കുടുംബമാണ് വ്യത്യസ്തമായ ഈ ശൈലി പിന്തുടരുന്നത്. ഇസ്ലാം മത വിശ്വാസികൾ നോമ്പ് കാലത്ത് പാലിക്കുന്ന എല്ലാ രീതിയും ഇദ്ദേഹം പിന്തുടരുന്നു. ഇദ്ദേഹത്തിന്റേതായ ശൈലിയിൽ. പുലർച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ച് തന്റേതായ രീതിയിൽ താൻ മനസിലാക്കിയ പ്രവാചകനെ ഉള്ളിരുത്തി പ്രാർത്ഥിച്ച് സുനിലും കുടുംബവും നോമ്പെടുത്ത് തുടങ്ങും, വൈകീട്ട് മഹിരിബ് വാങ്ക് കേട്ട ശേഷം എല്ലാ വിശ്വാസികളെ പോലെയും നോമ്പു തുറക്കും.
ഇത് ഈ വർഷം കൊണ്ട് തുടങ്ങിയതല്ല 19 വർഷം സൗദിയിൽ പ്രവാസി ആയിരുന്ന കാലം മുതലേ തുടർന്ന് പോരുന്നു. ഇദ്ദേഹത്തിനൊപ്പം അന്നേ ഭാര്യ ബിന്ദുവും ഈ ശീലം പിന്തുടർന്നു. ഡിഗ്രി പഠനം കഴിഞ്ഞ മകൻ വളർന്നതോടെ അച്ഛന്റെയും അമ്മയുടെയും ഈ വിശ്വാസത്തോടൊപ്പം കൂടി. അക്ഷയ് കുമാറിനു താഴെ ഒരു കൊച്ചു അനുജനുണ്ട് അജ്മൽ എസ് കുമാർ. മകന്റെ പേരിലുണ്ട് സുനിലിന്റെ കാഴ്ചപ്പാടുകൾ. ഈ മിടുക്കന്റെ പേര് തന്നെയാണ് ഇദ്ദേഹം തന്റെ സ്റ്റ്യുഡിയോയ്ക്ക് വേണ്ടി നൽകിയതും.
ഇത്തവണ എന്തിനു വേണ്ടി വൃതം അനുഷ്‌ഠിക്കുന്നു എന്ന ചോദ്യത്തിന് ഹൃദയത്തിൽ തട്ടുന്ന മറുപടിയാണ് ഇദ്ദേഹം നൽകിയത് ” കൊറോണ കാലമാണ് ലോകത്തെ നാനാ ഭാഗത്ത് മരിച്ചു വീഴുന്നവർ , പട്ടിണി കിടക്കുന്നവർ, അവർക്കു വേണ്ടിയാണ് എന്റെയും കുടുബത്തിന്റെയും പ്രാർത്ഥന” ഈ വാക്കുകൾ. പട്ടിണി കിടക്കുന്നവന്റെ മാനസികാവസ്ഥ തിരിച്ചറിയലും അവനൊപ്പം ചേരലും കൂടിയാണല്ലോ നോമ്പുകളിലൂടെ നാം മുൻപോട്ട് വെക്കുന്ന പ്രധാന കാര്യങ്ങളിൽ ഒന്ന്. പാപ മോചനവും കടാക്ഷങ്ങളും പിന്നീട് അവരെ തേടിയെത്തും. ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്നതാണ് ഈ ചിന്തകൾ പ്രവർത്തികൾ. പ്രാർത്ഥനകളും കരുതലുകളും ജാഗ്രതകളും നമ്മെ രക്ഷിക്കട്ടെ.
റമളാൻ മാസത്തിലെ നോമ്പ് മാത്രമല്ല ഹിന്ദു വിശ്വാസികൾ അനുഷ്‌ഠിച്ചു വരുന്ന മണ്ഡല കാലത്തെ വൃതവും വർഷാ വർഷമായി പിന്തുടർന്ന് വരികയാണ് ഈ കുടുംബം. എല്ലാ മതവും നമ്മെ പഠിപ്പിക്കുന്നത് ലോകത്ത് നല്ലതു മാത്രം ചിന്തിക്കാനും പ്രവർത്തിക്കാനുമാണ് എന്ന ആശയമാണ് തന്നെ എല്ലാ മതത്തോടും ബന്ധം പുലർത്താൻ പ്രചോദനമായതെന്ന് സുനിൽ പറയുന്നു. സുനിൽ താങ്കളുടെ ചിന്തയാണ് ഈ നാടിന്റേതും തകരാതെ നമ്മളെ കാക്കുന്നതും ഇത് തന്നെയാണ്. ഈ നല്ല പ്രവർത്തികളെ ഹൃദയത്തോട് ചേർത്ത് ഈ കുടുംബത്തിനായി എല്ലാ പ്രാർത്ഥനകളും നേരാം.