ഹേമചന്ദ്രൻ പണം ഇരട്ടിപ്പിച്ചുതരാമെന്നുപറഞ്ഞ് വാങ്ങിയ ലക്ഷങ്ങൾ തിരികെനൽകാത്തതിന് പരിഹാരമുണ്ടാക്കാനാണ് തട്ടിക്കൊണ്ടുപോയതെന്നും താൻ കൊലചെയ്തിട്ടില്ലെന്നും ആവർത്തിച്ച് നൗഷാദ്. ഹേമചന്ദ്രൻ വധക്കേസിലെ മുഖ്യപ്രതി സുൽത്താൻബത്തേരി പഴുപ്പത്തൂർ സ്വദേശി പുല്ലമ്പി വീട്ടിൽ നൗഷാദിനെ (33) ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് കോഴിക്കോട്ടെത്തിച്ച് ചോദ്യംചെയ്തപ്പോഴാണ് നേരത്തേ സാമൂഹികമാധ്യമത്തിൽ പറഞ്ഞ കാര്യം ആവർത്തിച്ചത്. അഞ്ചുദിവസത്തേക്ക് കോടതി കസ്റ്റഡിയിൽ നൽകിയ നൗഷാദിൽനിന്ന് ഈ ദിവസങ്ങളിൽ ശരിയായ വിവരം ശേഖരിക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
സൗദി അറേബ്യയിൽനിന്ന് ചൊവ്വാഴ്ച രാവിലെ ബെംഗളൂരുവിലെത്തിയ നൗഷാദിനെ കോഴിക്കോട് പോലീസ് നേരത്തേയിറക്കിയ ലുക്ക് ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ അവിടെ തടഞ്ഞുവെച്ചു. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ കെ.കെ. ആഗേഷിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയോടെ എത്തിയാണ് കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. ബുധനാഴ്ച രാവിലെ ഒൻപതിന് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെത്തിലെത്തിച്ച നൗഷാദിനെ കോടതിയിൽ ഹാജരാക്കിയശേഷമാണ് ചോദ്യംചെയ്യാനും തെളിവെടുപ്പ് നടത്താനുമായി കസ്റ്റഡിയിൽ വാങ്ങിയത്. തുടർന്ന്, അസി. കമ്മിഷണർ എ. ഉമേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ ചോദ്യംചെയ്യലിലാണ് മൊഴി നൗഷാദ് ആവർത്തിച്ചത്.
‘‘ഞാനുൾപ്പെടെ മുപ്പതോളം പേർക്ക് ഹേമചന്ദ്രൻ പണം നൽകാനുണ്ട്. ചിട്ടിക്കമ്പനിയുടെ പേരിലും പണം ഇരട്ടിപ്പിച്ചുതരാം എന്നുപറഞ്ഞും പണം വാങ്ങിയിട്ടുണ്ട്. തിരിച്ചുതരാതെ തുടർച്ചയായി മുങ്ങിയപ്പോഴാണ് ഒരു സ്ത്രീയെക്കൊണ്ട് ഫോൺവിളിപ്പിച്ച് മായനാട്ടെ വീട്ടിൽനിന്ന് റോഡിലേക്ക് എത്തിച്ചത്. അവിടെനിന്ന് കാറിൽകയറ്റി നേരേ സുൽത്താൻബത്തേരിയിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി. വാങ്ങിയ പണത്തിനും നൽകാനുള്ള പലിശയ്ക്കും കണക്കായി രേഖകൾ എഴുതിയുണ്ടാക്കാമെന്നും കിട്ടുന്ന പണം എങ്ങനെയെങ്കിലും വാങ്ങാമെന്നുമാണ് വിചാരിച്ചത്. മൈസൂരുവിലെ ഒരു സുഹൃത്ത് മുഖേന കുറച്ച് പണം വാങ്ങിത്തരാമെന്ന് പറഞ്ഞിരുന്നു. എന്നാൽ, അടുത്തദിവസം രാവിലെ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടു. ഒരു സുഹൃത്ത് നൽകിയ ഉപദേശമാണ് ആരും കാണാതെ കുഴിച്ചിടാനുള്ള തീരുമാനത്തിലെത്തിച്ചത്. ഇതിന് കൂട്ടായാണ് രണ്ടുപേരെ ചേർത്തത്. കൊന്നിട്ടില്ല, കുഴിച്ചിട്ടിട്ടേയുള്ളൂ…’’ -നൗഷാദ് മൊഴിയിൽ പറയുന്നു.
നൗഷാദ് ഉൾപ്പെടെ നാലുപേരാണ് നിലവിൽ ഈ കേസിൽ അറസ്റ്റിലുള്ളത്. ജ്യോതിഷ് കുമാർ, അജേഷ്, വൈശാഖ് എന്നിവരാണ് നേരത്തേ അറസ്റ്റിലായവർ. മെഡിക്കൽ കോളേജിനടുത്ത് മായനാട്ടെ വാടകവീട്ടിൽ രണ്ടുവർഷത്തോളമായി താമസിക്കുകയായിരുന്ന ബത്തേരി സ്വദേശി ഹേമചന്ദ്രനെ 2024 മാർച്ച് 20-നാണ് കാണാതായത്. മാർച്ച് 22-ന് കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

