ന്യൂഡല്‍ഹി: ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു. പുലാവ് കൊടിയുള്ള എം.ടി. യീ ഷെങ് 6 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിലെ ഇന്ത്യന്‍ വംശജരായ 14 ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. തീ അണക്കാനുള്ള ശ്രമം നാവികസേനയുടെ നേതൃത്വത്തില്‍ തുടരുകയാണ്.
ഇന്ത്യയിലെ കണ്ഡലയില്‍ നിന്ന് ഒമാനിലെ ഷിനാസിലേക്കാണ് ചരക്കുകപ്പല്‍ യാത്ര തിരിച്ചത്. ഒമാന്‍ ഉള്‍ക്കടലിലൂടെ സഞ്ചരിക്കുമ്പോഴാണ് കപ്പലിന്റെ എന്‍ജിന്‍ റൂമില്‍ വന്‍ തീപിടിത്തവും വൈദ്യുതി തകരാറും ഉണ്ടായത്.
ഇന്ത്യന്‍ നാവികസേനക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ ഉള്‍ക്കടലില്‍ വിന്യസിച്ചിരുന്ന ഐ.എന്‍.എസ് താബര്‍ തീപിടിച്ച കപ്പലിന്റെ സമീപത്തെത്തി. കപ്പലിന്റെ പകുതി ഭാഗത്തേക്ക് തീ വ്യാപിച്ചിട്ടുണ്ട്. നാവികസേനയിലെ 13 നാവികരും ചരക്കുകപ്പലിലെ അഞ്ച് ജീവനക്കാരും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമത്തിലാണ്.

