തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംഘഗാനം. ധനവകുപ്പിലെ പൂവത്തൂര്‍ ചിത്രസേനന്‍ എന്നയാളാണ് പാട്ടെഴുതിയത്. പാട്ടില്‍ ഫിനിക്‌സ് പക്ഷിയായാണ് പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയെ പുകഴ്ത്തി മെഗാ തിരുവാതിര നടത്തിയത് വിവാദമായിരുന്നു.
‘കാവലാള്‍’ എന്ന തലക്കെട്ടിലാണ് വാഴ്ത്തുപാട്ടെഴുതിയിരിക്കുന്നത്. ‘ചെമ്പടക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍’ എന്ന വരിയോടെയാണ് പാട്ട് തുടങ്ങുന്നത്.
പാടവും പറമ്പും കേരമൊക്കെയും പടക്കളം
ജന്മിവാഴ്ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍
പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ
തഴുകിയ കരങ്ങളില്‍ ഭരണചക്രമായിതാ…
കൊറോണ നിപ്പയൊക്കവേ തകര്‍ത്തെറിഞ്ഞ നാടിതേ
കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലൊക്കവേ
ദുരിതപൂര്‍ണ ജീവിതം ഇരുളിലായ കാലവും
കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാള്‍
ജീവനുള്ള നാള്‍ വരെ സുരക്ഷിതത്വമേകിടാന്‍
പദ്ധതികളൊക്കെയും ജനതതിക്കു നല്‍കിയോന്‍’
എന്നിങ്ങനെ പോകുന്നു വരികള്‍.
നേരത്തെ സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയില്‍ നടത്തിയ മെഗാതിരുവാതിരയിലെ പിണറായി സ്തുതിയും ചര്‍ച്ചയായിരുന്നു.