മാടായി കോളേജിലെ നിയമന വിവാദത്തിൽ തൻ്റെ ഭാഗം വിശദീകരിച്ച് എംകെ രാഘവൻ എംപി. രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്ന് പറഞ്ഞ അദ്ദേഹം സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും സുപ്രീം കോടതി നിബന്ധനകൾക്ക് വിധേയമായാണ് നിയമനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. നിയമന വ്യവസ്ഥയുടെ മുൻപിൽ രാഷ്ട്രീയ താൽപര്യം പാലിക്കാനാവില്ലെ. താൻ ഇൻ്റർവ്യൂ ബോർഡിൽ ഇരുന്നില്ലെന്നും തന്നെ തടഞ്ഞ അഞ്ച് പേർക്കെതിരെ പാർട്ടി നടപടിയെടുത്തെന്നും അദ്ദേഹം ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.മാടായി കോളേജിനെ കുറിച്ച് പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. തൻ്റെ 29ാമത്തെ വയസിൽ താൻ മുൻകൈയെടുത്താണ് കോളേജ് ആരംഭിക്കാനുള്ള ശ്രമം തുടങ്ങിയത്. ഏഴ് മാസം മുൻപാണ് താൻ ഒടുവിൽ കോളേജ് ചെയർമാനായത്. എന്നാൽ താത്പര്യമില്ലെന്ന് ഒഴിഞ്ഞുമാറിയിട്ടും നിർബന്ധിച്ച് തന്നെ ഏൽപ്പിച്ചതിനാലാണ് സ്ഥാനം ഏറ്റെടുത്തത്. 4 അനധ്യാപക തസ്തികകളിലേക്കാണ് കോളേജിൽ നിയമനം നടത്തിയത്. സർക്കാർ നിർദ്ദേശമനുസരിച്ചാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 83 അപേക്ഷകരെത്തി. ഓഫീസ് അസിസ്റ്റൻറ്, ഓഫീസ് അറ്റൻഡർ, കംപ്യൂട്ടർ അസിസ്റ്റൻ്റ് എന്നിങ്ങനെയുള്ള തസ്തികകളിലേക്കായിരുന്നു നിയമനം. ഓഫീസ് അറ്റൻഡർ തസ്തിക ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്തതാണ്. സുപ്രീം കോടതി നിർദേശം പാലിച്ചാണ് ഈ പോസ്റ്റിൽ നിയമനം നടത്തി. അന്ധരായ അപേക്ഷകരില്ലാത്തതിനാൽ ബധിരനായ ആൾക്ക് നിയമനം നൽകുകയായിരുന്നു.