കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 29ന് വിധി പറയും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജഡ്ജി ജ. നിസാര്‍ അഹമ്മദാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് പിപി ദിവ്യ കോടതിയില്‍ വാദിച്ചത്. അഴിമതിക്കെതിരെ എപ്പോഴും നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് താന്‍ എന്നും ദിവ്യ പറഞ്ഞു. ദീര്‍ഘകാലമായി പൊതുപ്രവര്‍ത്തനരംഗത്തുണ്ടെന്നും ഇതുവരെ ഏഴ് അവാര്‍ഡുകള്‍ ലഭിവെന്നും പി പി ദിവ്യ അറിയിച്ചു.
രണ്ടു ദിവസം കൊണ്ട് അറിയുമെന്ന് ദിവ്യ ഭീഷണിപ്പെടുത്തിയതായി നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ പറഞ്ഞു. പെട്രോള്‍ പമ്പിനു പിന്നില്‍ ബിനാമി ബന്ധമുണ്ട്. അയാളെ കണ്ടെത്തണമെന്നും കുടുബം ആവശ്യപ്പെട്ടു.
വിജിലന്‍സിന് പ്രശാന്തന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഒപ്പ് തെറ്റിയെന്നു പറഞ്ഞാല്‍ ചിലപ്പോള്‍ സംഭവിക്കാം. പക്ഷേ, സ്വന്തം പേര് ഒരിക്കലും തെറ്റില്ലല്ലോ. പരാതി ഉണ്ടെങ്കില്‍ ദിവ്യയ്ക്ക് ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാമായിരുന്നു. ദിവ്യ എന്തിനാണ് എഡിഎമ്മിനെ വിളിച്ചത്? പമ്പിന്റെ നിര്‍ദിഷ്ട സ്ഥലം പോയി പരിശോധിക്കാന്‍ എഡിഎമ്മിനോട് പറയാന്‍ ദിവ്യയ്ക്ക് എന്ത് അധികാരമാണുള്ളതെന്നും അഭിഭാഷകന്‍ ചോദിച്ചു.