ആലപ്പുഴ നൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിൽ സംഘർഷം. കായംകുളം-പുനലൂർ റോഡിലെ പ്രതിഷേധ മാർച്ചിനിടയിലാണ് പോലീസുമായി സംഘർഷമുണ്ടായത്.
സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ മാവേലിക്കര എംഎൽഎ അരുൺ കുമാർ ഉൾപ്പടെയുളളവർ പങ്കെടുക്കുന്നുണ്ട്.
പോലീസ് മണ്ണ് മാഫിയയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പൊലീസ് ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും അരുൺ കുമാർ പറഞ്ഞു. സ്ത്രീകൾ ഉൾപ്പടെയുളള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. മാധ്യമപ്രവർത്തകർക്ക് നേരെയും പോലീസ് കയർക്കുകയുണ്ടായി. എന്നാൽ തങ്ങളെ അറസ്റ്റ് ചെയ്താൽ പ്രതിഷേധം അവസാനിക്കുകയില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
നേരത്തെ ജനകീയ സമിതിയുടെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടയിലും പോലീസ് ലാത്തി വീശുകയും സ്ത്രീകൾ ഉൾപ്പെടെ 17 പേരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു. 2008 മുതൽ പ്രദേശത്ത് മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാർ എതിർത്തിരുന്നു. ഹൈവേ നിർമ്മാണത്തിന്റെ പേരിൽ കൂട്ടിക്കൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിലവിൽ മണ്ണെടുക്കുന്നത്