ദുബായ്: പറക്കുന്ന കാറുകൾ, മനുഷ്യരെപ്പോലെ ഓടുന്ന റോബോട്ടുകൾ, ഡ്രൈവറില്ലാത്ത ടാക്സികൾ ഫാന്റസിക്കഥകളെയും ശാസ്ത്രസിനിമകളേയും വെല്ലുന്ന ഗതാഗത സൗകര്യങ്ങളിലേക്കുള്ള പ്രയാണത്തിലാണ് ഇപ്പോൾ യുഎഇ. 2026-ഓടെ യു.എ.ഇ.യുടെ ആകാശത്ത് പറക്കും കാറുകൾ സജ്ജമാകുമെന്നാണ് ദുബായിൽ നടന്ന വേൾഡ് കോൺഗ്രസ് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ടിന്റെ സമാപനവേദിയിൽ ലണ്ടൻ സ്കൈപോർട്സ് സി.ഇ.ഒ. ഡൺകാൻ വാക്കർ പ്രഖ്യാപിച്ചിട്ടുളളത്. എയർടാക്സി സേവനങ്ങൾക്കായി വെർട്ടിപോർട്ട് (വെർട്ടിക്കൽ എയർപോർട്ട്) ശൃംഖലയും വികസിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് രാജ്യം. വെർട്ടിപോർട്ട് ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ നഗരമായും അതോടെ ദുബായ് മാറും. ചെറിയ ദൂരങ്ങളിലെ സഞ്ചാരങ്ങൾക്ക് ഉപയോഗപ്രദമായ ഡ്രൈവറുടെ സഹായംപോലും വേണ്ടാത്ത പറക്കുന്ന കാറുകൾ. അതീവസുരക്ഷിതമായ യാത്ര ഉറപ്പുനൽകുന്ന ഈ അതിശയിപ്പിക്കുന്ന വാഹനം അധികംവൈകാതെ തന്നെ യു.എ.ഇ.യുടെ ആകാശത്തുകൂടെ പറക്കും.ഡ്രൈവറില്ലാ ടാക്സികളും ദുബായ് നഗരത്തിൽകുതിക്കാനരുങ്ങുകയാണ്. അടുത്തയാഴ്ച സ്വയംനിയന്ത്രിത ഓട്ടോമാറ്റിക് ടാക്സി കാറുകൾ പരീക്ഷണ ഓട്ടം ആരംഭിച്ചേക്കും. ഇത്തിഹാദ് മ്യൂസിയത്തിനും ദുബായ് വാട്ടർ കനാലിനും ഇടയിലുള്ള ജുമൈര റോഡിലെ എട്ട് കിലോമീറ്റർ നീളത്തിൽ മൊത്തം അഞ്ച് ഡ്രൈവറില്ലാ ടാക്സികളാണ് സർവീസ് നടത്താനിരിക്കുന്നത്.അടുത്ത വർഷം പകുതിയോടെ ഡ്രൈവറില്ലാ ടാക്സി വാണിജ്യ സേവനങ്ങൾ തുടങ്ങും. ജുമൈര പ്രദേശത്തെ തെരുവുകൾ, കാൽനട ക്രോസിങ്ങുകൾ, അടയാളങ്ങൾ, മറ്റ് റോഡ് സവിശേഷതകൾ എന്നിവ റെക്കോഡ് ചെയ്ത് ഡ്രൈവറില്ലാവാഹനങ്ങൾക്ക് സഞ്ചരിക്കുന്നതിനായി ഡിജിറ്റൽ മാപ്പ് സൃഷ്ടിച്ചുകഴിഞ്ഞു. ഡിജിറ്റൽ മാപ്പിങ്ങിൽ തകരാറുകളൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മനുഷ്യരെപ്പോലെ ഓടാൻകഴിയുന്ന റോബോട്ടുകളും ദുബായിൽ ഉടൻ അവതരിപ്പിക്കപ്പെടും വൃത്തിയുള്ളതും സുരക്ഷിതവുമായിരിക്കും റോബോട്ടുകൾ. ഡെലിവറി സേവനങ്ങൾ കുറഞ്ഞചെലവിൽ ലഭ്യമാക്കാനാണ് റോബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്തുക. അസാമാന്യമായ ചലനനൈപുണ്യവും ഉയർന്നവേഗവുമുണ്ടാകും. കോണിപ്പടികൾ അടക്കം വ്യത്യസ്തപരിതസ്ഥിതികളിൽ സുഗമമായ ചലനം പാറക്കെട്ടുകൾ, തുരങ്കങ്ങൾ എന്നിവയിലൂടെ എല്ലാം കടന്നു പോകാൻ കഴിയുന്ന നാല് കാലുകൾ റോബോട്ടിനുണ്ടാവും. നിർമിതബുദ്ധിയിലായിരിക്കും ഇവയുടെ പ്രവർത്തനം.ആഗോളതലത്തിൽതന്നെ അവധിക്കാല യാത്രക്കാർ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ. മുൻപന്തിയിലാണ്. അതിനൂതന സംവിധാനങ്ങൾ കൂടുതൽ നടപ്പാകുന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് ഇനിയും വർധിക്കും. രാജ്യത്തിന്റെ കുതിപ്പ് തുടരും.
കാറിൽ പറക്കണോ..!സ്വപ്നതുല്യമായ ഗതാഗത സംവിധാനങ്ങൾ യാഥാർത്യമാക്കാൻ യു.എ.ഇ.

