രാജസ്ഥാനിൽ നാല് വയസുകാരിയോട് അധ്യാകന്റെ കൊടും ക്രൂരത. നാലുവയസുള്ള ദളിത് ബാലികയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചു. സ്കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് നിന്ന് രക്തം വരുന്നത് കണ്ട ‘അമ്മ വിവരം അന്വേഷിച്ചപ്പോളാണ് വിവരം പുറത്തറിഞ്ഞത്. സ്കൂള്‍ പരിസരത്ത് വെച്ച് അധ്യാപകൻ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു.
സ്കൂളിലെ അധ്യാപകനായ രവി വഗോരിയയാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും പ്രതിയായ അധ്യാപകനെ സ്കൂൾ അധികൃതർ സംരക്ഷിക്കുകയാണെന്നും വീട്ടുകാർ ആരോപിക്കുന്നു.
അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും ചേർന്ന് സ്കൂൾ ആക്രമിച്ച് തകർത്തു. സ്കൂളിലെ ഫർണീച്ചറുകൾ തല്ലിത്തകർത്ത പ്രദേശവാസികള്‍ മാനേജരെ മർദിച്ച് അവശനാക്കി.
സെപ്റ്റംബർ 22ന് സ്കൂൾ പരിസരത്തു വച്ചാണ് അധ്യാപകൻ കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടിയുടെ കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കുട്ടിയുടെ സ്വകാര്യഭാഗത്ത് രക്തം കണ്ടെതിനെ തുടർന്ന് അമ്മ സ്കൂളിലെ പ്രധാന അധ്യാപകനെ വിവരം അറിയിച്ചിരുന്നു. എന്നാൽ കുട്ടി തന്നെ മൂർച്ചയേറിയ ആയുധം കൊണ്ട് സ്വയം മുറിവേൽപ്പിച്ചതായിരിക്കുമെന്നായിരുന്നു പ്രധാന അധ്യാപകന്റെ മറുപടിയെന്നും സ്കൂള്‍ അധികൃതർ അധ്യാപകനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ പോക്സോ വകുപ്പുള്‍പ്പടെ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.