കുന്ദംമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ പത്തിന് നടക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ പ്രസിഡന്റ് സ്ഥാനം ഇത്തവണ കൈപ്പിടിയിൽ ഒതുങ്ങുമെന്നുള്ള തികഞ്ഞ പ്രതീക്ഷയിലാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി അരിയിൽ അലവി. ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 19 സീറ്റിൽ യു.ഡി.എഫിന് 10ഉം എൽ.ഡിഎഫിന് 9ഉം അംഗങ്ങളാണ് ഉള്ളത്. യു.ഡി.എഫിൽ കോൺഗ്രസിന് ആറും ലീഗിന് നാലും അംഗങ്ങൾ. മുന്നണി ധാരണ പ്രകാരം കോൺഗ്രസിലെ ബാബു നെല്ലൂളി ആയിരുന്നു ആദ്യത്തെ രണ്ടു വർഷം ബ്ലോക്ക് പ്രസിഡന്റ്. അദ്ദേഹം രാജിവെച്ചപ്പോൾ നടന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അരിയിൽ അലവിയായിരുന്നു യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി.
പക്ഷെ യുഡിഎഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായത് അരിയിൽ അലവിയ്ക്ക് തിരിച്ചടിയായി. ഇരുമുന്നണികൾക്കും തുല്യവോട്ട് കിട്ടിയതോടെ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിലെ ടി.പി. മാധവന് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. പ്രസിഡന്റിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് വീണ്ടും കളമൊരുങ്ങുന്നത്.
ഒക്ടോബർ പത്തിന് രാവിലെ പതിനൊന്ന മണിക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.