ഒന്നാം പിറന്നാളിനോടനുബന്ധിച്ച് മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും മുഖം വെളിപ്പെടുത്തി നയൻതാരയും വിഘ്നേശ് ശിവനും. കഴിഞ്ഞ മക്കൾ പിറന്ന ശേഷം ഇതുവരെ മക്കളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ നയൻതാരയോ വിഘ്നേശ് ശിവനോ പങ്കിട്ടിരുന്നില്ല. ജയിലറിലെ മനോഹരമായ ഗാനത്തിന്റെ അകമ്പടിക്കൊപ്പമായിരുന്നു മക്കളുടെ ചിത്രങ്ങൾ താരദമ്പതികൾ പങ്കിട്ടത്. മക്കളുടെ ചിത്രങ്ങൾക്കൊപ്പം സ്നേഹം നിറഞ്ഞൊരു കുറിപ്പും താരദമ്പതികൾ പങ്കിട്ടു. ‘‘എൻ മുഖം കൊണ്ട എൻ ഉയിർ… എൻ ഗുണം കൊണ്ട എൻ ഉലക്… ഈ വരികളും ഞങ്ങളുടെ ചിത്രങ്ങളും ഒരുമിച്ച് പോസ്റ്റ് ചെയ്യാൻ വളരെക്കാലമായി കാത്തിരിക്കുന്നു… എന്റെ പ്രിയപ്പെട്ട ആൺമക്കൾ. വാക്കുകൾക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറമായി അപ്പയും അമ്മയും നിങ്ങളെ സ്നേഹിക്കുന്നു.
ഈ ജീവിതത്തിൽ എന്തിനും ഏതിനും അപ്പുറം… നന്ദി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും അതിനെ വളരെ സന്തോഷിപ്പിച്ചതിനും. നിങ്ങൾ എല്ലാ പോസിറ്റിവിറ്റിയും അനുഗ്രഹങ്ങളും കൊണ്ടുവന്നു. ഈ ഒരു വർഷം മുഴുവനും ജീവിതകാലം മുഴുവൻ വിലമതിക്കാനുള്ള നിമിഷങ്ങളാൽ നിറഞ്ഞിരിക്കുന്നു. നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു. നിങ്ങളാണ് ഞങ്ങളുടെ ലോകവും… ഞങ്ങളുടെ അനുഗ്രഹീതമായ ജീവിതവും’’.–വിഘ്നേശ് ശിവൻ കുറിച്ചു. വിഘ്നേശ് ശിവൻ തന്നെയാണ് അച്ഛൻ-മക്കൾ സ്നേഹം വർണിക്കുന്ന പാട്ടിന്റെ വരികൾ സിനിമയ്ക്കായി എഴുതിയതും.
മക്കളുടെ മുഖം വ്യക്തമാവാത്ത ചിത്രങ്ങളും വിഡിയോകളും ഇരുവരും നിരന്തരം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഇൻസ്റ്റഗ്രാമിലേക്കുള്ള നയൻതാരയുടെ വരവുപോലും രണ്ട് മക്കൾക്കൊപ്പമുള്ള മാസ് വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു. .
താരങ്ങൾ ഉൾപ്പടെ നിരവധിപ്പേരാണ് ഉയിരിനും ഉലകത്തിനും പിറന്നാൾ ആശംസകളുമായി എത്തുന്നത്.
ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീൽ എൻ. ശിവ എന്നും ഉലകിനെ ദൈവിക് എൻ. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതിൽ ‘എൻ’ എന്നത് നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണ്.