Trending

സ്വിഫ്റ്റിന് 113 ഇ-ബസുകൾ കൂടി; ഹരിത നഗരമാകാൻ ഒരു ചുവടുകൂടി വെച്ച് തലസ്ഥാനനഗരി

തിരുവനന്തപുരം നഗരസഭയുടെ സ്മാർട്‌സിറ്റി പദ്ധതിയിലുൾപ്പെടുത്തി 113 ഇലക്ട്രിക് ബസുകൾ സിറ്റി സർവീസിനായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് കൈമാറുന്നു. ആദ്യഘട്ടമായി 60 ഇ-ബസുകൾ ആഗസ്റ്റ് 26 നു വൈകീട്ട് 3.30നു ചാല ഗവണ്മെന്റ് മോഡൽ ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂൾ മൈതാനത്തു മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്യും.

ബാക്കി ബസുകൾ സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ കൈമാറുമെന്ന് ഗതാഗതമന്ത്രി ആൻറണി രാജുവും തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗത സംവിധാനം കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് 104 കോടി രൂപ ചെലവിൽ 113 ഇ-ബസുകൾ വാങ്ങുന്നത്. നിലവിൽ 50 ഇ-ബസുകൾ തിരുവനന്തപുരത്ത് സിറ്റി സർവീസായി ഓടുന്നുണ്ട്. ഇതോടെ തലസ്ഥാനനഗരിയിലെ മൊത്തം കെ. എസ്.ആർ.ടി.സി ഇ-ബസുകളുടെ എണ്ണം 163 ആകും.

ഘട്ടംഘട്ടമായി ഡീസൽ ബസുകൾ പിൻവലിച്ചു നഗരത്തിൽ മുഴുവൻ ഇ-ബസുകൾ മാത്രമാക്കി തലസ്ഥാനനഗരിയിലെ മലിനീകരണം കുറച്ച് ഹരിത നഗരമാക്കി ആധുനികവൽക്കുന്നതിന്റെ ഭാഗമായാണ് ഹരിത വാഹനങ്ങളുടെ വരവെന്ന് മന്ത്രി രാജേഷ് പറഞ്ഞു.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ആദ്യമായി നിരത്തിലിറക്കുന്ന ആധുനിക ശ്രേണിയിലുള്ള സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ് ഹൈടെക് ബസുകളുടെ ഫ്‌ളാഗ് ഓഫ് ധനമന്ത്രി കെ.എം ബാലഗോപാൽ ചടങ്ങിൽ നിർവഹിക്കും. ആദ്യ ഇ-ബസിന്റെയും ഹൈബ്രിഡ് ബസിന്റെയും താക്കോൽദാനം പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. സർക്കുലർ സർവീസ് ചിഹ്നത്തിന്റെ പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിലും ഐ.ടി അധിഷ്ഠിത സേവനങ്ങളുടെ ആപ്പ്-മാർഗദർശി-യുടെ പ്രകാശനം ശശി തരൂർ എം.പിയും നിർവഹിക്കും.

പരീക്ഷണാടിസ്ഥാനത്തിലാണ് രണ്ട് ഹൈബ്രിഡ് ഹൈടെക് ബസുകൾ തിരുവനന്തപുരം-കാസർകോട് റൂട്ടിൽ ഓടുക. വിജയം കണ്ടാൽ സംസ്ഥാനം മുഴുവൻ ഹൈബ്രിഡ് സർവീസ് വ്യാപിപ്പിക്കും. 27 സീറ്റുകളും 17 ബർത്തുകളുമാണ് ബസിലുള്ളത്.

60 ബസുകളുടെ റൂട്ടുകൾ പൊതുജനാഭിപ്രായം കൂടി പരിഗണിച്ചു ആഗസ്റ്റ് 26ന് അന്തിമമായി തീരുമാനിക്കും. സിറ്റി സർക്കുലർ ബസുകളും പോയിന്റ് ടു പോയിന്റ് ബസുകളും ഇതിലുൾപ്പെടും.

മാർഗദർശി ആപ്പ് വഴി ബസിന്റെ തത്സമയ ട്രാക്കിംഗ്, ബസ് ഷെഡ്യൂളിംഗ്, ക്രൂ മാനേജ്‌മെന്റ്, അമിത വേഗത ഉൾപ്പെടെയുള്ള ബസ് നിരീക്ഷണ സൗകര്യങ്ങളുണ്ട്. പൊതുജനങ്ങൾക്ക് ബസ് വിവരങ്ങൾ, അടുത്തുള്ള ബസ് സ്റ്റോപ്പുകൾ, യാത്രാ പ്ലാനർ തുടങ്ങിയവ ആപ്പിലൂടെ അറിയാനാകും. സിറ്റി സർക്കുലർ ബസുകളുടെ തൽസമയ സഞ്ചാര വിവരം അറിയാനുള്ള ‘എന്റെ കെ.എസ്.ആർ.ടി.സി’ നീയോ ബീറ്റാ വേർഷന്റെ റിലീസും പ്രകാശനവും നടക്കും.

മെട്രോ സ്റ്റേഷൻ, വിമാനത്താവളങ്ങളിലേതിനു സമാനമായി ബസ് സ്റ്റേഷനുകളിൽ വാഹനങ്ങളുടെ വിവരങ്ങൾ തൽസമയം അറിയിക്കുന്ന പബ്ലിക് അഡ്രസ് (പി.എ) സിസ്റ്റം ബോർഡുകൾ സ്ഥാപിക്കും. ലോകത്തിലെ ആധുനിക നഗരങ്ങളോട് മത്സരിക്കാവുന്ന സംവിധാനങ്ങളാണ് തലസ്ഥാനനഗരിയിൽ ഒരുങ്ങുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!