Trending

പ്രതിരോധത്തിന്റെയും ഐക്യപ്പെടലിന്റെയും കാഹളമുയര്‍ത്തി ‘ബഹുസ്വരതാ സംഗമം’

പ്രതിരോധത്തിന്റെയും ഐക്യപ്പെടലിന്റെയും കാഹളമുയര്‍ത്തി ‘ബഹുസ്വരതാ സംഗമം’

ഒരു വര്‍ഗീയവാദിയുടെയും വോട്ട് കോണ്‍ഗ്രസിന് വേണ്ട: വി.ഡി സതീശന്‍
കോഴിക്കോട്: ഒരു വര്‍ഗീയ വാദിയുടെയും വോട്ട് കോണ്‍ഗ്രസിന് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു വിഷയം വീണുകിട്ടാന്‍ വര്‍ഗീയ വാദികള്‍ കാത്തിരിക്കുകയാണെന്നും ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാനാണ് അവരുടെ ശ്രമമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. അവര്‍ക്ക് ആയുധം കൊടുക്കാന്‍ ശ്രമിക്കരുത്. വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടികെട്ടരുത്. അത്തരം വിവാദങ്ങളിലേക്ക് പോകരുത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് തടയുമെന്നും സതീശന്‍ വ്യക്തമാക്കി. ‘ഏക സിവില്‍ കോഡിനെയും മണിപ്പൂര്‍ വംശഹത്യയെയും ചെറുക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി കെപിസിസി ‘രാജീവ്ഗാന്ധി നഗറി’ല്‍ സംഘടിപ്പിച്ച ജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗത്തിനും അരക്ഷിതത്വമുണ്ട്. രാജ്യത്ത് എവിടെ അസ്വസ്ഥയും അരക്ഷിതത്വവും ഉണ്ടായാലും എല്ലാ ജനങ്ങളെയും ബാധിക്കും. മതവിശ്വാസം മുറുകെപിടിച്ച് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമോയെന്ന ആശങ്കയാണ് അരക്ഷിത്വത്തിലേക്ക് നയിക്കുന്നത്. അത്തരം തോന്നലുകളെ അകറ്റി എല്ലാവരെയും ചേര്‍ത്തു പിടിക്കാന്‍ കോണ്‍ഗ്രസുണ്ടാകും. ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണ്. മിത്ത് പരാമര്‍ശം വര്‍ഗീയവാദികള്‍ക്ക് ആയുധം നല്‍കി. ചിലര്‍ അത് ആളിക്കത്തിച്ചു. വിശ്വാസങ്ങളെ അവരവര്‍ക്ക് വിടുക എന്നതാണ് കോണ്‍ഗ്രസ് നിലപാട്. മതപരമായ വിശ്വാസങ്ങളെ ശാസ്ത്രവുമായി കൂട്ടി കേട്ടേണ്ടതില്ല. അത്ഭുതങ്ങളില്‍ എല്ലാ മതങ്ങളും വിശ്വസിക്കുന്നുണ്ട്. വര്‍ഗീയ വാദികള്‍ക്ക് ആയുധം കൊടുക്കുന്നവരെ സൂക്ഷിക്കണമെന്നും സതീശന്‍ കൂട്ടിചേര്‍ത്തൂ.
സംഘാടക സമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍ എംപി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി, എം. കെ രാഘവന്‍ എംപി, ഇ. ടി മുഹമ്മദ് ബഷീര്‍ എംപി, വിവിധ മതസാമുദായിക സംഘടനകളെ പ്രതിനിധീകരിച്ച് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, അബ്ദുല്‍ ഹഖിം അസ്ഹാരി കാന്തപുരം, ഫാ. ഷിബു ജോസഫ് കളരിക്കല്‍ (താമരശ്ശേരി രൂപത), പി .പി അബ്ദുള്ളക്കോയ മദനി (കെഎന്‍എം), ബ്രഹ്മശ്രീ ശംഭു നമ്പൂതിരി (ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി), ഫ്രാന്‍സിസ് ജോര്‍ജ് (മുന്‍ എംപി) എം.ഐ അബ്ദുല്‍ അസീസ് (ജമാഅത്തെ ഇസ്ലാമി), ഐയുഎംഎല്‍ സംസ്ഥാന സെക്രട്ടറി പി .എം.എ സലാം, അഡ്വ.ഗോവിന്ദ് ചന്ദ്രശേഖര്‍ (സാമൂതിരിയുടെ പ്രതിനിധി), ഫാ. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ (കോഴിക്കോട് ബിഷപ്പ് പ്രതിനിധി), ഡോ. ഐ.പി അബ്ദുല്‍സലാം സുല്ലമി (മര്‍ഖസ്സുദ അ്‌വ), ഡോ. അബ്ദുല്‍ ഗഫൂര്‍ (എംഇഎസ്), ഡോ. റെജി അലക്‌സ് (ഓര്‍ത്തഡോക്‌സ് സഭ), സണ്ണി എം. കപിക്കാട്, റവ. രാജു ചീരാന്‍(സിഎസ്‌ഐ), എഴുത്തുകാരായ കല്‍പ്പറ്റ നാരായണന്‍, പി. സുരേന്ദ്രന്‍, യു.കെ കുമാരന്‍, എ. സജീവന്‍, ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു, സുഹറ മമ്പാട്, ഹമീദ് വാണിയമ്പലം, ഹുസൈന്‍ മടവൂര്‍, ഖാസി മുല്‍ ഖാസിമി, നാസര്‍ ഫൈസി കൂടത്തായി സംസാരിച്ചു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് മണിപ്പൂര്‍ ഐക്യദാര്‍ഢ്യ പ്രമേയ അവതരണം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.കെ. ജയന്ത് ഏക സിവില്‍ കോഡ് വിരുദ്ധ പ്രമേയം അവതരിപ്പിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ സ്വാഗതവും കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം നിയാസ് നന്ദിയും രേഖപ്പെടുത്തി.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍, ജെബി മേത്തര്‍ എംപി, ഡോ. പി. ഉണ്ണീന്‍, എംഎല്‍എമാരായ റോജി എം. എം ജോണ്‍, എ.പി അനില്‍കുമാര്‍, ഐ.സി ബാലകൃഷ്ണന്‍, കെപിസിസി വൈസ് പ്രസിഡന്റുമാരായ വി.പി സജീന്ദ്രന്‍, വി.ടി ബല്‍റാം, ജനറല്‍ സെക്രട്ടറിമാരായ ആര്യാടന്‍ ഷൗക്കത്ത്, ബി.എ അബ്ദുള്‍ മുത്തലിബ്, എ.എ ഷുക്കൂര്‍, പഴകുളം മധു, സോണി സെബാസ്റ്റ്യന്‍, ആലിപ്പറ്റ ജമീല, ബിന്ദു കൃഷ്ണ, ഡിസിസി പ്രസിഡന്റുമാരായ വി.എസ് ജോയ,് എന്‍.ഡി അപ്പച്ചന്‍, എ. തങ്കപ്പന്‍, പി .കെ ഫൈസല്‍, സി. ചന്ദ്രന്‍, മുഹമ്മദ് ഷിയാസ് ,പി.എസ് സലിം, ജി .എസ് ബാബു, വിദ്യാബാലകൃഷ്ണന്‍, കെ.എം അഭിജിത്ത്, പി. വി ഗംഗാധരന്‍, അഡ്വ.ഷഹീര്‍ സിങ്, ഉമ്മര്‍ പാണ്ടികശാല, സി.എന്‍ വിജയകൃഷ്ണന്‍, പാറക്കല്‍ അബ്ദുല്ല, ടി.ടി ഇസ്മായില്‍, പി.എം ജോര്‍ജ്ജ്, അഷ്‌റഫ് മണക്കടവ,് ഡോ. കെ. മൊയ്തു തുടങ്ങിയവര്‍ സംബന്ധിച്ചു.

ജുഡീഷ്യറിയും പച്ചക്കൊടി കാണിച്ചു: സാദിഖലി തങ്ങള്‍
കോഴിക്കോട്: ഇന്ത്യ നേരിടുന്ന വെല്ലുവിളിയെ പ്രതിരോധിക്കാന്‍ ജനത ആവശ്യപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജുഡീഷ്യറി പോലും അതിന് പച്ചക്കൊടി കാണിക്കുകയാണ്. ഈ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബഹുസ്വരത അപകടത്തിലായ സാഹചര്യമാണ് രാജ്യത്തുള്ളത്. ബഹുസ്വരതയുടെ ഊഞ്ഞാലിലാണ് രാജ്യം നിലകൊള്ളുന്നത്. ഇത് മാറ്റിവെച്ച് മുന്നോട്ട് പോവാനാവില്ല. ഭരണഘടന മൗലിക അവകാശത്തിനാണ് പ്രാധാന്യം നല്‍കുന്നത്. മതസ്വാതന്ത്ര്യം അതിന്റെ ഭാഗമാണ്. അടിച്ചേല്‍പ്പിക്കലിലൂടെ അവകാശം ഇല്ലാതാവുന്നു.

ഇത്തരം സെമിനാറുകള്‍ കാലഘട്ടത്തിന്റെ ആവശ്യം: അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം
കോഴിക്കോട് : എല്ലാവരേയും കൂട്ടിയിണക്കിക്കൊണ്ട് ഇന്ത്യക്ക് വേണ്ടി ഇന്ത്യ നിലകൊള്ളുന്ന അവസ്ഥയുണ്ടായാല്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമായിരിക്കുമെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം.
കോണ്‍ഗ്രസ് ഇത്തരം സെമിനാര്‍ സംഘടിപ്പിക്കാന്‍ മുന്നോട്ട് വന്നതില്‍ നേതൃത്വത്തെ അഭിനന്ദിക്കുന്നു. സമസ്തയും അതിന്റെ പോഷക സംഘടനകളും ഇത്തരം പരിപാടികള്‍ക്ക് പിന്തുണയുമായി ഉണ്ടാകും. അത് രാജ്യത്തിന്റെ ആവശ്യമാണെന്നും ഹക്കീം അസ്ഹരി പറഞ്ഞു.
വൈവിധ്യം ഉള്‍ക്കൊള്ളലാണ് രാജ്യ പുരോഗതിക്കാവശ്യം. ഏക സിവില്‍ കോഡിനെതിരെ ആദ്യ എതിര്‍പ്പ് ഉയര്‍ന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഭൂരിപക്ഷം എന്ന ഒരു വിഭാഗം ഇന്ത്യയില്‍ ഇല്ല. മതത്തിലെ നിരവധി വിഭാഗങ്ങള്‍ ചേര്‍ന്ന നിരവധി ന്യൂനപക്ഷങ്ങള്‍ ചേര്‍ന്നതാണ് ഇന്ത്യയെന്നാണ് തന്റെ കാഴ്ചപ്പാടെന്നും ഹക്കീം അസ്ഹരി വ്യക്തമാക്കി.

സുപ്രീംകോടതി വിധി രാജ്യത്തിന് നായകനുണ്ടെന്ന് അടിവരയിട്ടു: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: മണിപ്പൂര്‍, ഏക സിവില്‍ കോഡ് വിഷയങ്ങള്‍ രാജ്യം എങ്ങോട്ടു പോകുമെന്ന ഭയമുണ്ടാക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എന്നാല്‍ രാഹുല്‍ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധിയോടെ രാജ്യത്തിന് നേതൃത്വം കൊടുക്കാന്‍ ആളുണ്ടെന്ന് ഉറച്ച വിശ്വാസമായി. പതിറ്റാണ്ടുകളോളം ഒരു പോറലും സംഭവിക്കാതെ രാജ്യത്തെ ഐക്യത്തോടെ മുന്നോട്ട് നയിച്ചത് കോണ്‍ഗ്രസായിരുന്നു. ബിജെപി അധികാരത്തില്‍ വന്നതോടെ മതേതര കക്ഷികള്‍ പലതട്ടിലായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാനാത്വത്തില്‍ ഏകത്വത്തിലേക്ക് കടന്നുകയറുന്നു: ഫാദര്‍ ഷിബു ജോസഫ് കളരിക്കല്‍
കോഴിക്കോട്: നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യന്‍ പാരമ്പര്യത്തിലേക്കുള്ള കടന്നുകടന്നുകയറ്റമാണ് ഏക സിവില്‍കോഡെന്ന് താമരശ്ശേരി രൂപത പ്രതിനിധി ഫാ. ഷിബു ജോസഫ് കളരിക്കല്‍. ഓരോ വ്യക്തിനിയമവും ഉണ്ടാകുന്നത് അവരുടെ ആചാരാനുഷ്ഠാനങ്ങളിലൂടെയാണ്. വ്യക്തിനിയമം വേണ്ടെന്ന് വെയ്ക്കുന്നത് വ്യത്യസ്ത മതം വേണ്ടെന്ന് വെയ്ക്കുന്നത് സമാനമാണ്. ജനങ്ങളുടെ അഭിപ്രായം മുഖവിലക്കെടുക്കാതെ ഒരു നിയമ നിര്‍മ്മാണവും നടത്തരുത്. വ്യക്തി നിയമത്തില്‍ മാറ്റം വരുത്തണമെങ്കില്‍ ഇല്ലാതാക്കുകയല്ല, നവീകരിക്കുകയാണ് വേണ്ടത്. വിഷയം ചര്‍ച്ച ചെയ്യാനും പഠിക്കാനും അവസരം നല്‍കണം. പാര്‍ലമെന്റില്‍ വ്യക്തവും സുതാര്യവുമായ ചര്‍ച്ചയും കൂടിയാലോചനയും വേണം. മതേതരത്വം ഇല്ലാതായാല്‍ ആര്‍ക്കും ജീവിക്കാനാവില്ലെന്ന് മണിപ്പൂര്‍ നമ്മെ പഠിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!