അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള അപ്പാരൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻസ് സെന്ററിൽ മൂന്നുവർഷത്തെ ഫാഷൻ ഡിസൈൻ ആന്റ് റീട്ടെയിൽ കോഴ്സിലേക്ക് സ്കോളർഷിപ്പ് പ്രകാരം പ്ലസ് ടു പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അമ്പത് ശതമാനം മാർക്കോട് കൂടി പാസായ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്- 8301030362, 9995004269
വാക്-ഇൻ-ഇന്റർവ്യൂ
കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ കെമിസ്ട്രി വിഷയത്തിൽ ഒരു ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും, ബി.എഡും കരസ്ഥമാക്കിയിട്ടുള്ളവരും, അധ്യാപന പരിചയമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്കായി ജൂലൈ 21ന് രാവിലെ 11 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നതാണ്. താൽപര്യമുള്ളവർ ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതയും, പ്രവർത്തി പരിചയവും തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസലും കോപ്പിയും സഹിതം എക്സിക്യൂട്ടീവ് ഡയറക്ടർ മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0497 2835390
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ശിശുക്ഷേമ സമിതി ആദ്യമായി ഏർപ്പെടുത്തിയ ശിശുക്ഷേമം സ്കോളർഷിപ്പിന് കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാരിന്റെ അതി ദരിദ്ര വിഭാഗം പട്ടികയിൽ പെട്ടവർക്കും ഗോത്ര/ആദിവാസി വിഭാഗത്തിൽ ഉള്ളവർക്കുമാണ് ശിശുക്ഷേമം സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. 2023 ൽ എസ്എസ്എൽസി പാസായി ഉപരിപഠനത്തിന് ചേർന്ന മേൽ വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാം. ജില്ലാ ശിശുക്ഷേമ സമിതി മുഖേനയായിരിക്കും അർഹരായവരെ തെരഞ്ഞെടുക്കുക. അതി ദരിദ്രവിഭാഗത്തിൽപ്പെട്ടവർ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, നിലവിൽ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ചേർക്കണം. ആദിവാസി ഗോത്രമേഖലയിൽ താമസിക്കുന്നവർ ജില്ലാ ട്രൈബൽ ഓഫീസറുടെ സാക്ഷ്യപത്രവും എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പഠിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ചേർക്കണം. അപേക്ഷകൾ സെക്രട്ടറി ജില്ലാ ശിശുക്ഷേമ സമിതി, ശിശുവികാസ് ഭവൻ, മുണ്ടിക്കൽ താഴം, നടപ്പാലം, മായനാട്. പി.ഒ. കോഴിക്കോട് 673008 എന്ന മേൽവിലാസത്തിലോ, dccwkkd@gmail.com എന്ന ഇ-മെയിൽ വഴിയോ ജൂലൈ 30ന് മുമ്പ് ലഭിക്കണം.
ഇറച്ചിക്കോഴി വളർത്തൽ പരിശീലനം
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 25 ന് രാവിലെ 10 മണി മുതൽ 5 മണി വരെ ഇറച്ചിക്കോഴി വളർത്തൽ പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0491- 2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.
ദര്‍ഘാസുകൾ ക്ഷണിച്ചു
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ 2023 ആഗസ്റ്റ് 1 മുതല്‍ 2024 ജനുവരി 31 വരെയുള്ള കാലയളവിലെ അഴുക്ക് തുണികള്‍ അലക്കി ഉണക്കി ഇസ്തിരിയിട്ട് തരുന്നതിന് തയ്യാറുളളവരില്‍ നിന്നും ദര്‍ഘാസുകൾ ക്ഷണിച്ചു. അലക്കുവാനുളള തുണികള്‍ ആശുപത്രിയിൽ നിന്നും ശേഖരിച്ച് ഏഴ് ദിവസത്തിനകം വൃത്തിയായി ഇസ്തിരിയിട്ട് ആശുപത്രിയില്‍ തിരിച്ചേൽപ്പിക്കണം. അടങ്കൽ തുക :400000/ ദര്‍ഘാസ് ഫോറങ്ങള്‍ ജൂലൈ 27ന് വൈകീട്ട് നാല് മണി വരെ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. സീല്‍ ചെയ്ത ദര്‍ഘാസുകള്‍ ജൂലൈ 29ന് ഒരു മണിക്ക് മുന്‍പായി സൂപ്രണ്ട്, താലൂക്കാസ്ഥാനാശുപത്രി, കൊയിലാണ്ടി എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. കവറിനു പുറത്ത് “തുണി അലക്കുവാനുള്ള ദർഘാസ് ” എന്ന് എഴുതിയിരിക്കണം. ജൂലൈ 29ന് മൂന്ന് മണിക്ക് ദർഘാസുകൾ സമര്‍പ്പിച്ചവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2620241
ലേലം ചെയ്യുന്നു
ഗ്രാറ്റുവിറ്റി കുടിശ്ശികയിനത്തിലുളള 75,431രൂപയും 31/03/2020 മുതല്‍ 10 ശതമാനം പലിശ, അഞ്ച് ശതമാനം കളക്ഷന്‍ ചാര്‍ജ്ജ്, നോട്ടീസ് ചാര്‍ജ്ജ് എന്നിവ ഈടാക്കുന്നതിനായി ബാലുശ്ശേരിയിലെ സ്ഥാപനത്തിൽ നിന്നും ജപ്തി ചെയ്തിട്ടുളളതും കൊയിലാണ്ടി താലൂക്കില്‍ ബാലുശ്ശേരി വില്ലേജിൽ കണ്ണങ്കോട് ദേശത്ത് റിസ നമ്പര്‍ 34/5 ബി (Relis 34/49) യില്‍പ്പെട്ട 02.02 ആര് (അഞ്ച് സെൻറ്) സ്ഥലവും കുഴിക്കൂറുകളും ജൂലൈ 27നു ഉച്ചയ്ക്ക് 12 മണിക്ക് പരസ്യമായി ലേലം ചെയ്യുമെന്ന് വടകര തഹസിൽദാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0496 2526289
കൂടിക്കാഴ്ച
പയ്യോളി താലൂക്ക് ആയൂർവേദ ആശുപത്രിയിൽ പഞ്ചകർമ്മ ഹെൽപ്പർ (വനിത) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ദിവസവേതന അടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം. പ്രായപരിധി 18 നും 45 വയസ്സിനും മധ്യേ. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. പഞ്ചകർമ്മ കോഴ്സ് സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയത്തിനും മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും ആധാർ കാർഡും സഹിതം ജൂലൈ 28 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.
കരാർ നിയമനം
ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ലക്ച്ചറർ ഇൻ റേഡിയേഷൻ ഫിസിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. താല്പര്യമുള്ളവർ ജൂലൈ 21 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ചേംബറിൽ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു. പ്രതിഫലം പ്രതിമാസം 50,000 രൂപ. യോഗ്യത : എം.എസ്.സി (ഫിസിക്സ്) (പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ്), എം.എസ്.സി മെഡിക്കൽ ഫിസിക്സ് അല്ലെങ്കിൽ മെഡിക്കൽ റേഡിയേഷൻ ഫിസിക്സ്, എ.ഇ.ആർ.ബി നടത്തുന്ന ആർ.എസ്.ഒ സെർറ്റിഫിക്കേഷൻ പരീക്ഷ പാസായിരിക്കണം. മൂന്ന് വർഷത്തെ ക്ലിനിക്കൽ പ്രവൃത്തി പരിചയം അഭികാമ്യം.
സപ്ലൈ ഓഫീസ് അറിയിപ്പ്
വടകര താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിൽ വീട്ടു നമ്പർ ഇല്ലാതെ നൽകിയ റേഷൻ കാർഡുകളിൽ ഇനിയും വീട്ടു നമ്പർ രേഖപ്പെടുത്താത്ത കാർഡുടമകൾ ജൂലൈ 24 നുള്ളിൽ ഓഫീസിൽ നേരിട്ടു വന്ന് റേഷൻ കാർഡ് നിലനിർത്തുന്നതിനായി ബന്ധപ്പെട്ട രേഖകൾ/ വിശദീകരണം സഹിതം അപേക്ഷ നൽകേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
