കലാപം അവസാനിക്കാതെ മണിപ്പൂർ. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ സാവോംബംഗ് മേഖലയിൽ ഇന്നലെ വൈകുന്നേരം ആയുധധാരികളായ അക്രമികൾ മധ്യവയസ്കയെ വീട്ടിൽ കയറി വെടിവച്ചു കൊന്നു. കൊലപാതകത്തിന് ശേഷം സ്ത്രീയുടെ മുഖം വികൃതമാക്കി.
50 കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആയുധധാരികൾ സ്ത്രീയുടെ മുഖത്ത് നിറയൊഴിക്കുകയായിരുന്നു. രക്ഷപ്പെടുന്നതിന് മുമ്പ് അക്രമികൾ സ്ത്രീയുടെ മുഖം വികൃതമാക്കിയെന്നും പൊലീസ് പറഞ്ഞു. മാരിംഗ് നാഗ സമുദായത്തിൽപ്പെട്ട, കൊല്ലപ്പെട്ട സ്ത്രീ മാനസിക പ്രശ്നങ്ങളുള്ളയാളാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ മണിപ്പൂർ പൊലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്. ആയുധധാരികളെന്ന് സംശയിക്കുന്നവരെ പിടികൂടാൻ ഉദ്യോഗസ്ഥർ പരിസര പ്രദേശങ്ങളിലും വീടുകളിലും തെരച്ചിൽ നടത്തുണ്ട്. അക്രമം രൂക്ഷമായ മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ ശനിയാഴ്ച മൂന്ന് ഒഴിഞ്ഞ ട്രക്കുകൾക്ക് തീയിട്ടു. അവാങ് സെക്മായിയിലാണ് അക്രമസംഭവം നടന്നത്. എൽപിജി സിലിണ്ടറുകൾ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ട്രക്കുകളാണ് അക്രമികൾ കത്തിച്ചത്.

