കണ്ണൂർ: കെ.സുധാകരനെതിരായ വിജിലൻസ് കേസിലെ പരാതിക്കാരനും സുധാകരന്റെ മുൻ ഡ്രൈവറുമായ പ്രശാന്ത് ബാബു സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതിയുമായി സ്ത്രീ രംഗത്ത്. കണ്ണൂർ സ്വദേശിനി സത്യവതിയാണ് പരാതിപ്പെട്ടത്. മകൾക്ക് ജോലി ശരിയാക്കാമെന്ന് വാഗ്ദാനം നൽകി പ്രശാന്ത് ബാബു 15 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ആരോപണം.
2018ൽ മൊറാഴ യുപി സ്കൂളിലെ ജോലിയുടെ പേരിലായിരുന്നു തട്ടിപ്പെന്നും സത്യവതി പരാതിയിൽ പറയുന്നു. ഒരു ബന്ധു മുഖേനയാണ് പ്രശാന്ത് ബാബുവിനെ പരിചയപ്പെട്ടത്. ഒരു വർഷത്തിനിടെ പല തവണയായി 15 ലക്ഷം രൂപ കൈമാറിയെന്നാണ് സത്യവതിയുടെ ഭാഷ്യം. പണമായും ചെക്കായുമാണ് 15 ലക്ഷം രൂപ കൈമാറിയത്. എന്നാൽ, പിന്നീട് ജോലി ലഭിച്ചില്ലെന്ന് സത്യവതി പറയുന്നു. പണം എവിടെയാണെന്ന് ചോദിച്ചെങ്കിലും മറുപടി നൽകാതെ ഒഴിഞ്ഞുമാറി. ഫോൺ വിളിച്ചാലും എടുക്കാതെയായി.
ഇതോടെ കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതി നൽകി. അങ്ങനെ ഓരോ മാസവും രണ്ടു ലക്ഷം രൂപ വീതം തന്നു തീർക്കാമെന്ന് പ്രശാന്ത് ബാബു ഉറപ്പു നൽകിയതായി സത്യവതി വ്യക്തമാക്കി. എന്നാൽ പിന്നീട് ഒന്നും സംഭവിച്ചില്ല. ഏതാനും ദിവസങ്ങളായി കെ.സുധാകരനെതിരായ പരാതിയുമായി പ്രശാന്ത് ബാബു മാധ്യമങ്ങളിൽ സജീവമായി തുടരുന്നതിനിടെയാണ്, പഴയ കേസിന്റെ കാര്യം തുറന്നു പറയാൻ സത്യവതി തയാറായത്.
‘‘മൊറാഴ സ്കൂളിൽ ഒരു അധ്യാപികയുടെ ഒഴിവുണ്ട്. അവർക്ക് ഡൊണേഷൻ ആയി കുറച്ചു പൈസ കൊടുക്കണം. 15 ലക്ഷം രൂപ തൽക്കാലം കൊടുക്കാമെന്നാണ് പ്രശാന്ത് ബാബു പറഞ്ഞത്. ഇതിനായി 15 ലക്ഷം രൂപ ശരിയാക്കി. ഇയാൾ പറഞ്ഞതനുസരിച്ച് 4–5 ദിവസം കൊണ്ടാണ് പൈസ കൊടുത്തത്. ബാങ്കിൽനിന്ന് ലോൺ ഉൾപ്പെടെ എടുത്താണ് പണം ശരിയാക്കിയത്. ഇടയ്ക്ക് വീട്ടിൽവന്ന് പണം വാങ്ങും. അല്ലെങ്കിൽ ബാങ്കിൽ പോയി പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും.’ – സത്യവതി പറഞ്ഞു.
തനിക്ക് പ്രായമായെന്നും നാലു മക്കളുണ്ടെന്നും സത്യവതി പറഞ്ഞു. രമ്യ എന്ന മകൾക്ക് ജോലി ശരിയാക്കുന്നതിനാണ് പ്രശാന്ത് ബാബുവിന് 15 ലക്ഷം രൂപ കൈമാറിയത്. ആ പണം ഇപ്പോൾ തിരികെ കിട്ടിയേ തീരൂ എന്നാണ് സത്യവതിയുടെ നിലപാട്. ഇപ്പോഴത്തെ സാഹചര്യത്തിൽ പണം തിരിച്ചുകിട്ടാതെ മുന്നോട്ടു പോകാനാകില്ലെന്ന് അവർ പറയുന്നു. മറ്റാരും സഹായിക്കാനില്ല. പൊലീസിന്റെ അടിയന്തര ഇടപെടൽ കൂടിയേ തീരൂ. തെളിവുകൾ ഹാജരാക്കാനുള്ള സന്നദ്ധതയും സത്യവതി അറിയിച്ചിട്ടുണ്ട്.

