ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനില്‍ സ്ഥാപിച്ച മ്യൂസിയത്തിന്റെ പേര് മാറ്റി. നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി (എന്‍എംഎംഎല്‍) ഇനി മുതല്‍ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി എന്നായിരിക്കും.
സൊസൈറ്റി വൈസ് പ്രസിഡന്റായ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന എന്‍എംഎംഎല്‍ സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. എന്‍എംഎംഎല്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, ധര്‍മേന്ദ്ര പ്രധാന്‍, ജി കിഷന്‍ റെഡ്ഡി, അനുരാഗ് താക്കൂര്‍ എന്നിവരടക്കം 29 അംഗങ്ങളാണ് സൊസൈറ്റിയിലുള്ളത്.കമ്മ്യൂണിക്കേഷൻ അധികൃതർ പറഞ്ഞു.
1929-30 കാലഘട്ടത്തില്‍ എഡ്വിന്‍ ലുറ്റിയന്‍സിന്റെ സാമ്രാജ്യ തലസ്ഥാനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച തീന്‍ മൂര്‍ത്തി ഭവന്‍ ഇന്ത്യയിലെ കമാന്‍ഡര്‍-ഇന്‍-ചീഫിന്റെ ഔദ്യോഗിക വസതിയായിരുന്നു. 1948 ഓഗസ്റ്റില്‍, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായി ഇത് മാറി, 1964 മെയ് 27-ന് മരിക്കുന്നതുവരെ 16 വര്‍ഷം അദ്ദേഹം അവിടെ താമസിച്ചു. തീന്‍ മൂര്‍ത്തി ഭവന്‍ നെഹ്‌റുവിന്റെ സ്മരണയ്ക്കായി സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇവിടെ ഒരു മ്യൂസിയവും ലൈബ്രറിയും ഉണ്ട്.
1964 നവംബര്‍ 14-ന് നെഹ്റുവിന്റെ 75-ാം ജന്മദിനത്തില്‍ പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍ തീന്‍ മൂര്‍ത്തി ഹൗസ് രാജ്യത്തിന് സമര്‍പ്പിക്കുകയും നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം ഇതിന്റെ നിയന്ത്രണ ചുമതലയ്ക്കായി എന്‍എംഎംഎല്‍ സൊസൈറ്റി രൂപീകരിക്കുകയായിരുന്നു.

