തിരുവനന്തപുരം: അഴിമതി നിറഞ്ഞ പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ജനം വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സര്‍ക്കാരിന് എതിരെയുള്ള കുറ്റപത്രം ജനങ്ങളുടെ മുന്നില്‍ യുഡിഎഫ് അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നികുതി ഭാരം സർക്കാർ സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. ജനങ്ങളെ ഇത്രയും ദ്രോഹിച്ച സർക്കാർ ചരിത്രത്തിലുണ്ടാകില്ലെന്ന് വി.ഡി.സതീശന് പറഞ്ഞു. കെട്ടിടനികുതി വലിയ രീതിയിൽ വർധിപ്പിച്ചു. വൈദ്യുതി ചാർജ് വീണ്ടും വർധിപ്പിക്കാൻ പോകുന്നു. നികുതി വർധനയിലൂടെ ഒരു വർഷം 4000 രൂപയാണ് സാധാരണ കുടുംബത്തിന് അധിക ബാധ്യത വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
5000 കോടിയുടെ അധിക നികുതി ഭാരമാണ് ബജറ്റിൽ അടിച്ചേൽപ്പിച്ചത്. വെള്ളക്കരം വലിയ തരത്തില്‍ കൂട്ടി. കെട്ടിട നിർമാണ ഫീസ് 30 രൂപയിൽ നിന്ന് 1000 രൂപയാക്കി. ഏറ്റവും കൂടുതൽ സ്ഥാപനങ്ങളെ ബാങ്കുകൾ ജപ്തി ചെയ്ത വർഷമാണ് കടന്നു പോയത്. ഒരു മാസം കുടിശിക നിവാരണത്തിനായി മാറ്റിവയ്ക്കണമെന്നും ജപ്തി നടപടികൾ നിർത്തി വയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും സർക്കാർ തയാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗീയ ഫാസിസത്തിനെതിരെ പോരാട്ടം നടത്തുന്ന രാഹുൽഗാന്ധിക്കുള്ള പിന്തുണകൂടിയാണ് ഈ സമരം. ഒരു വർഗീയ പാർട്ടികളുടെ കൂടെയും യുഡിഎഫ് പോകില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.
അതേസമയം,അരി ചാമ്പാൻ അരിക്കൊമ്പൻ, ചക്ക ചാമ്പാൻ ചക്കക്കൊമ്പൻ, കേരളം ചാമ്പാൻ ഇരട്ടച്ചങ്കനെന്നും കെ.സുധാകരൻ പരിഹസിച്ചു.