കൊല്ലം∙ കടയ്ക്കലില്‍ സുഹൃത്തിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം പിൻവലിച്ച യുവാവ് അറസ്റ്റിൽ. കോട്ടപ്പുറം സ്വദേശിയായ ദീപുവാണ് അറസ്റ്റിലായത്. സുഹൃത്തായ ഇടത്തറ സ്വദേശി ബിനുവിന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ചാണ് ദീപു പണം തട്ടിയെടുത്തത് എന്നാണ് പുറത്തു വരുന്ന വിവരം.
കഴിഞ്ഞദിവസം ബിനു തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനിടയിൽ എടിഎം കാർഡ് താഴെ വീണിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ദീപു എടിഎം കാര്‍ഡ് എടുക്കുകയും അതിൽ എഴുതിയിരുന്ന പിൻനമ്പർ ഉപയോഗിച്ച് പണം പിന്‍വലിക്കുകയുമായിരുന്നു. 10,000 രൂപയാണ് കൈക്കലാക്കിയത്.
എടിഎം കാര്‍ഡ് നഷ്ടപ്പെട്ട വിവരം ബിനു ഏറെ വൈകിയാണ് അറിഞ്ഞത്. അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 10,000 രൂപ പിന്‍വലിച്ചതായും കണ്ടു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ദീപുവിനെ പിടികൂടുകയുമായിരുന്നു. ദീപു പണം പിന്‍വലിച്ചതിന് തെളിവായി എടിഎം കൗണ്ടറിനുളളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ദീപു കുറ്റം സമ്മതിച്ചു. നേരത്തെ പശുവിനെ മോഷ്ടിച്ച കേസിലും ദീപു പ്രതിയാണെന്ന് പൊലീസ് അറിയിച്ചു