തിരുവനന്തപുരം: മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്തെന്നാരോപിച്ച് ബൈക്ക് യാത്രികനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പരുക്കേറ്റ കൊല്ലം ചാത്തന്നൂർ താഴംകല്ലുവിള വീട്ടിൽ ജി.അഖിൽ കൃഷ്ണൻ (30) കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ മംഗലപുരം ഷിബിനി കോട്ടേജിൽ എസ്.ഷംനാദ് (31), നെടുമങ്ങാട് പഴകുറ്റി അനിത ഭവനിൽ എസ്.അഖിൽ (31) എന്നിവരെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് സംഭവമുണ്ടായത്. പ്രതികൾ സഞ്ചരിച്ച കാർ നെടുമങ്ങാട് പഴകുറ്റി ഭാഗത്തുവച്ച് അപകടകരമായ രീതിയിൽ പിന്നിലേക്ക് എടുക്കുന്നതിനെ ചിലർ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തത് തൊട്ടുപിന്നിൽ ബൈക്കിൽ വന്ന അഖിൽ കൃഷ്ണനാണെന്നു പ്രതികൾ തെറ്റിദ്ധരിച്ചു. കാട്ടാക്കടയിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനായ അഖിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
അഖിലിനെ പിന്തുടർന്നെത്തിയ പ്രതികൾ കാർ റോഡിന് കുറുകെയിട്ട് തടഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഭയന്ന അഖിൽ പെട്ടെന്ന് അവിടെ നിന്നും ബൈക്കെടുത്ത് രക്ഷപ്പെട്ടു. എന്നാൽ, ‘അവനെ കാറിടിച്ചു കൊല്ലെടാ’ എന്ന് ആക്രോശിച്ചുകൊണ്ട് പ്രതികൾ പിന്നാലെ പാഞ്ഞു. റോഡിലേക്ക് തെറിച്ചു വീണ അഖിലിന്റെ വലതു കയ്യിലും വലതുകാലിലും പൊട്ടലുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.