ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘മലൈക്കോട്ടൈ വാലിബന്‍ മലയാള സിനാമാ ആസ്വാദകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പടമാണ് . സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് എല്ലാം വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
കാത്തിരിപ്പിനൊടുവിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
‘ഇപ്പോൾ, കാത്തിരിപ്പിന് ഒരു മുഖമുണ്ട്! മലയ്ക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് സമർപ്പിക്കുന്നു! ഈ സിനിമയ്ക്ക് ജീവൻ നൽകാനുള്ള ഞങ്ങളുടെ യാത്രയിൽ ഞങ്ങളെ പ്രോത്സാഹിപ്പിക്കുക’, എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചത്.
സിനിമയുടെ ചിത്രീകരണം രാജസ്ഥാനിൽ പൂർത്തിയായ വിവരം ഏപ്രിൽ അഞ്ചിന് സംവിധായകൻ ലിജോ ജോസ് അറിയിച്ചിരുന്നു. ഏറ്റവും പ്രയാസമുള്ള രംഗങ്ങളാണ് രാജസ്ഥാനിൽ ചിത്രീകരിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. ചെന്നൈയിൽ ആണ് അടുത്ത ഷെഡ്യൂൾ.
ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് മലൈക്കോട്ടൈ വാലിബന്റെ നിർമിക്കുന്നത്.
മോഹൻലാലിനൊപ്പം മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠ രാജൻ, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന മലൈകോട്ടൈ വാലിബൻ മലയാളത്തിന് പുറമെ ഇന്ത്യയിലെ മറ്റു പ്രധാന ഭാഷകളിൽ റിലീസാകും. ‘ആമേന്’ ശേഷം ലിജോയ്ക്ക് വേണ്ടി പിഎസ് റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ക്യാമറ ചലിപ്പിക്കുകയാണ്. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

