
സ്വര്‍ണക്കടത്തില്‍ പുതിയ ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സ്പോര്‍ട്സ് കൗണ്‍സിലിനെതിരെയാണ് സുരേന്ദ്രന് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തിന് സ്പോര്‍ട്സ് കൗണ്‍സില്‍ വാഹനം ഉപയോഗിച്ചെന്നും കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടന്റെ പി.എക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നുമാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ ആരോപണം.
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പി.എ. ഔദ്യോഗിക വാഹനത്തില്‍ കള്ളക്കടത്ത് നടത്തിയത് സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സി.പി.എം നോമിനിയായാണ് പി.എ. സ്പോട്സ് കൗണ്‍സിലില്‍ നിയമനം തരപ്പെടുത്തിയത്, യുവജന കമ്മീഷന്റെ ചെയര്‍പേഴ്സന്റെ ശുപാര്‍ശയില്‍ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ചേര്‍ന്നാണ് ഇയാളെ മേഴ്സികുട്ടന്റെ പി.എ. ആക്കിയതെന്നും സുരേന്ദ്രന് ആരോപിച്ചു.
നിരവധി തവണ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഈ കാര്‍ വിമാനത്താവളത്തിലേക്കും അവിടെനിന്ന് ശിവശങ്കറിന്റെ ഓഫീസിലേക്കും വീട്ടിലേക്കും പോവുകയും വരികയും ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ദിവസം സ്വര്‍ണവുമായി തിരുവനന്തപുരത്തുനിന്ന് ഈ കാര്‍ ബെംഗളൂരുവിലേക്ക് പോയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും സുരേന്ദ്രന് വെളിപ്പെടുത്തി.
കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ട് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പി.എ നിരവധി തവണ വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണം. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പി.എ. ആയി ഈ വിവാദ വനിത എങ്ങനെ നിയമിക്കപ്പെട്ടെന്ന് സി.പി.എമ്മും സര്‍ക്കാരും വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
വലിയ നീക്കങ്ങളാണ് ബിനീഷ് കോടിയേരിയെ മുന്‍നിര്‍ത്തി കേരള ക്രിക്കറ്റ് അസോസിയേഷന് പിടിച്ചെടുക്കാന്‍ ഈ ബിനാമി സംഘങ്ങള്‍ നടത്തിയത്. ഇക്കാര്യത്തില്‍ അന്വേഷണം വേണം. ഇനിയെങ്കിലും ബിനീഷിനെ പുറത്താക്കാന്‍ കെ.സി.എ തയാറാകണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. പുറത്താക്കാന്‍ കെ.സി.എ തയാറാകാത്തതിന് കാരണം ബിനീഷ് കോടിയേരിയുമായി ചേര്‍ന്ന് ഒരു വിഭാഗം കെ.സി.എയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതാണ്. കെ.സി.എ കേന്ദ്രാകരിച്ച് ഹവാലാ ഇടപാടുകളും നടന്നിട്ടുണ്ട്. കെ.സി.എയില്‍ നടത്തിയ ആഴിമതികളെ കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.

