കോഴിക്കോട് : കാർഷിക മേഖലയിൽ നിലവിൽ 10 ശതമാനത്തിൽ താഴെ അയൽകൂട്ടങ്ങളിലെ അംഗങ്ങൾ മാത്രമാണുള്ളത് . മുപ്പത് ശതമാനം അയക്കൂട്ട അംഗങ്ങളെയെങ്കിലും ഉൾപ്പെടുത്തി ഗ്രൂപ്പ് രൂപീകരിക്കാനും ഒരു സി ഡി എസിനു കീഴിൽ 10 ഏക്കർ തരിശ് നിലമെങ്കിലും കൃഷിയോഗ്യമാക്കാനും വിഭാവനം ചെയ്യുന്നതായി തൊഴിൽ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു .
കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച സമൃദ്ധി കാർഷിക ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന സമൃദ്ധി പദ്ധതിയുടെ വിജയത്തിനായി ചിങ്ങം ഒന്നോടെ 8000 കുട്ടുത്തരവാദ ഗ്രൂപ്പ് രൂപീകരിച്ച് സംഘകൃഷി ആരംഭിക്കാൻ ലക്ഷ്യമിടുകയാണ്, കൃഷിയിലൂടെ കാർഷിക രംഗത്ത് ശക്തമായ സാന്നിധ്യമാകാൻ കുടുംബശ്രീ തയ്യാറെടുക്കുകയാണ്.
ഉല്പാദനത്തോടൊപ്പം മൂല്യവർദ്ധിത ഉല്ലന്നങ്ങളുടെ നിർമ്മാണത്തിനും വിപണനത്തിനും കേരളത്തിൽ വലിയ സാധ്യതകളുണ്ട് ,തരിശ് നില കൃഷിയിലൂടെ നിലവിൽ ആയിരകണക്കിന് ഏക്കറിൽ സംസ്ഥാന തലത്തിൽ കൃഷിയോഗ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട് .ഇനി മുതൽ ഒരു ഭൂമിയും തരിശായി കിടക്കാൻ പാടില്ലെന്നതാണ് നമ്മുടെ ലക്ഷ്യം .ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി വലിയ വിജയമാണ് ഉണ്ടാക്കിയത്.
വിഷമില്ലാത്ത ഭക്ഷണവും ശുദ്ധജലവും ഓരോ മനുഷ്യന്റെയും അവകാശമാണ് ജൈവ പച്ചക്കറി കൃഷിയും നമ്മുടെ നാട്ടിൽ വലിയ വിജയമാണ്. വില കൊടുത്ത് വിഷം വാങ്ങുന്ന അവസ്ഥ ഉണ്ടാകരുത് .സ്ത്രീ ശാക്തീകരണത്തിന്റെ വിജയഗാഥ മനസിലാക്കാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കുടുംബശ്രീ മിഷനിലേക്ക് ധാരാളം പേർ എത്തുന്നുണ്ട് .ചെറുവണ്ണൂർ പഞ്ചായത്ത് കാർഷിക മേഖലയിൽ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നടത്തുന്നത്, ഇത് അഭിമാനാർഹമാണെന്നും മന്ത്രി പറഞ്ഞു .
കൃഷി സംഘങ്ങൾ രൂപീകരിച്ചും ശക്തിപ്പെടുത്തിയും വനിതകളെയും പുത്തൻ തലമുറയേയും കാർഷിക പ്രവർത്തനങ്ങളിലേക്ക് ആകൃഷ്ടരാക്കുന്നതിനായ് ഒരു വർഷം നീണ്ടു നിൽക്കുന്ന വൈവിധ്യങ്ങളായ പരിപാടികളാണ് സമൃദ്ധി യിൽ സംസ്ഥാനത്ത് വിഭാവനം ചെയ് തിട്ടുള്ളത്. കാർഷിക പ്രശ്നോത്തരി വിജയികളായ ഗീത കെ കെ ,ശ്രീമണി ,ഷീജ എന്നിവർക്ക് സമ്മാനദാനവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി അധ്യഷത വഹിച്ചു.ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ബിജു സ്വാഗതം പറഞ്ഞു.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി സി കവിത റിപ്പോർട്ട് അവതരിപ്പിച്ചു .പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന കെ എം .കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻകുട്ടി കെ പി ,നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം കുഞ്ഞിക്കണ്ണൻ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി.ചെയർപേഴ്സൺ എം കെ സതി ,ചെറുവണ്ണൂർ ഗ്രാമപഞ്ചയത്ത് വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത് പേരാമ്പ്ര മണ്ഡലം വികസന സമിതി കൺവീനർ എം കുഞ്ഞമ്മദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു