പത്തനംതിട്ട: ശബരിമല പാതയിൽ ഉണ്ടായ വാഹനാപകടത്തിന് കാരണം ബ്രേക്ക് തകരാറെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്തിമ വിലയിരുത്തൽ. അയ്യപ്പ ദർശനം കഴിഞ്ഞു മടങ്ങിയ തമിഴ് നാട്ടിൽ നിന്നുളള തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് കഴിഞ്ഞ ദിവസം ഇലവുങ്കലിന് സമീപം എരുമേലി പാതയിൽ അപകടത്തിൽപെട്ടത്.
പത്തനംതിട്ട ആർടിഒ എ.കെ.ദിലുവിന്റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സംഭവം നടന്ന വളവിനു മുൻപ് തന്നെ ബ്രേക്ക് ചവിട്ടിയിട്ടും നിൽക്കാതെ വന്നതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ബസ് പാളിയതായും കണ്ടെത്തി. വലിയ ഇറക്കത്തിൽ ഗിയർ മോഡിൽ തന്നെ വേഗം കുറച്ചു പോകുന്നതിനു പകരം ന്യൂട്രലിൽ ഇറങ്ങിയതു മൂലം ഡ്രം ചൂടാവുകയും ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നെന്ന് ആർടിഒ പറഞ്ഞു.
അപകടത്തെ തുടർന്ന് പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശബരിമല തീര്‍ഥാടകരെ നാട്ടിലേക്ക് ജില്ലാ ഭരണകൂടം യാത്രയാക്കി. തമിഴ്നാട് മയിലാടുംതുറ സ്വദേശികളായ 24 പേരെയാണ് നാട്ടിലേക്ക് അയച്ചത്. പോലീസ് വാഹനത്തില്‍ കൊട്ടാരക്കരയില്‍ എത്തിയ തീര്‍ഥാടകര്‍ അവിടെ നിന്നും ട്രെയിന്‍ മാര്‍ഗം നാട്ടിലേക്ക് പോയി. യാത്രയാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യർ എത്തിയിരുന്നു.
പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത, പിആര്‍ഒ ജി.സുധീഷ്, ശബരിമല സ്പെഷ്യല്‍ ഡ്യൂട്ടി നഴ്സുമാരായ പി.വി. ചന്ദ്രമതി, ഗീതാമണി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് ജോണ്‍ റിച്ചാര്‍ഡ് എന്നിവര്‍ ജില്ലാ കളക്ടര്‍ക്കൊപ്പം തീർഥാടകരെ യാത്രയാക്കാൻ ഉണ്ടായിരുന്നു. അപകടത്തിൽ പരുക്കേറ്റവരിൽ നാലുപേർ ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. തീർഥാടക സംഘത്തിലെ ഗുരുസ്വാമി രംഗനാഥന്റെ (85) നില മാറ്റമില്ലാതെ തുടരുകയാണ്.