നരേന്ദ്ര മോദി മധ്യസ്ഥത വഹിക്കാൻ തയ്യാറെങ്കിൽ സ്വാഗതം; യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് യുക്രൈൻ മന്ത്രി

0
232

യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് വീണ്ടും ആവശ്യപ്പെട്ട് യുക്രൈൻ . റഷ്യയുമായി പുലർത്തി വരുന്ന മികച്ച ബന്ധം ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെങ്കില്‍, അദ്ദേഹത്തിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. ഇരു രാജ്യങ്ങളുമായുള്ള മധ്യസ്ഥ ചർച്ചയിൽ ഇന്ത്യയെ ഉൾപ്പെടുത്തുന്നതിനെ പറ്റി എന്‍ഡി ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റഷ്യയുമായി ഇന്ത്യക്കുള്ള ബന്ധം പ്രയോജനപ്പെടുത്തി യുദ്ധം അവസാനിപ്പിക്കുന്നതിനേക്കുറിച്ച് പ്രസിഡന്റ് വ്ളാഡിമിര്‍ പുതിനെ ബോധ്യപ്പെടുത്താന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ” യുക്രൈനെ ഇന്ത്യ പിന്തുണക്കുമെന്നാണ് പ്രതീക്ഷ. റഷ്യയുടെ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും പുതിനാണ് എടുക്കുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹവുമായി നേരിട്ട് സംസാരിക്കാന്‍ സാധിക്കണം. അദ്ദേഹത്തിന് മാത്രമാണ് ഈ ഭൂമിയില്‍ യുദ്ധം വേണമെന്ന ആഗ്രഹമുള്ളത്’- കുലേബ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഉല്പന്നങ്ങളുടെ വിശ്വസനീയരായ ഉപഭോക്താവാണ് യുക്രൈന്‍. ഇന്ത്യന്‍ ഭക്ഷ്യസുരക്ഷക്ക് വലിയ സംഭാവന നല്‍കുന്നവരുമാണ് തങ്ങളെന്നും സൂര്യകാന്തി എണ്ണ, ധാന്യപ്പൊടികളടക്കമുള്ള മറ്റ് ഉല്പന്നങ്ങള്‍ അടക്കം നല്‍കുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഖാര്‍ക്കീവില്‍ റഷ്യന്‍ ബോംബാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കുലേബ അനുശോചനം രേഖപ്പെടുത്തി. ടാങ്കറുകളും വിമാനവുമായി റഷ്യ എത്തുന്ന ദിവസം വരെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യുക്രൈൻ ഒരു അഭയ സ്ഥാനമായിരുന്നു. വിദ്യാര്‍ഥികള്‍ തിരികെ എത്തണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here