എന്‍ഐഎ റെയ്ഡിനിടെ കസ്റ്റഡിയിലെടുത്ത നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ഭാരവാഹി മുഹമ്മദ് മുബാറകിന്റെ അറസ്റ്റ് രേഖപ്പെടുത്തി.മുഹമ്മദ് മുബാറക് മറ്റു പാർട്ടികളിലെ നേതാക്കളെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് രൂപീകരിച്ച സ്‌ക്വാഡിലെ അംഗമാണെന്നാണ് എൻഐഎ പറയുന്നത്. ആയോധനകല പരിശീലിച്ച ഇയാൾ സ്‌ക്വാഡിലെ അംഗങ്ങൾക്ക് പരിശീലനവും നൽകിയിരുന്നുവെന്നും എൻഐഎ വൃത്തങ്ങൾ പറയുന്നു.ഇന്നലെ ഇയാളുടെ വീട്ടിൽ എൻഐഎ സംഘം പുലർച്ചെ മുതൽ വൈകിട്ട് വരെ റെയ്ഡ് നടത്തിയിരുന്നു.നിയമബിരുദധാരിയായ മുബാറക്ക്, ഹൈക്കോടതിയിലാണു പ്രാക്ടിസ് ചെയ്തിരുന്നത്. സംഘടനയുമായി ബന്ധപ്പെട്ട ചില കേസുകള്‍ കൈകാര്യം ചെയ്തിരുന്നു. ഇയാളുടെ ഭാര്യയും അഭിഭാഷകയാണ്. ഇയാളുടെ വീട്ടില്‍ നിന്ന് മഴുവും വാളും ഉള്‍പ്പെടെ കണ്ടെടുത്തു. ബാഡ്മിന്റണ്‍ റാക്കറ്റിലാണ് ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നതെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.