വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് പുരസ്‌കാരം മലയാളി ശാസ്ത്രജ്ഞന്. 2020 മുതല്‍ ആരംഭിച്ച യുവ ശാസ്ത്ര പുരസ്‌കാരമാണ് പെരിന്തല്‍മണ്ണ സ്വദേശിയായ പ്രൊഫ.പരമേശ്വരന്‍ അജിത്തിന് ലഭിച്ചിരിക്കുന്നത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ (ICTS-TIFR) ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞനാണ് അജിത്ത്.
വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള മികച്ച യുവ ശാസ്ത്രജ്ഞര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഫിസിക്സ്, കെമിസ്ട്രി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയായിരുന്നു അവാര്‍ഡിന് പരിഗണിച്ചത്. ആസ്ട്രോ ഫിസിക്സാണ് അജിത്തിന്റെ ഗവേഷണ മേഖല.
ഒരു നൂറ്റാണ്ട് മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പ്രവചിച്ചിരുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് അജിത്തിന്റെ ഗവേഷണം. രണ്ടു തമോദ്വാരങ്ങള്‍ വന്‍ സ്ഫോടനത്തിലൂടെ ഒരുമിക്കുമ്പോള്‍ ഉണ്ടാകുന്ന ഗുരുത്വതരംഗങ്ങളുടെ പ്രത്യേകത സൈദ്ധാന്തികമായി പഠിക്കുന്ന മേഖലയിലെ ശ്രദ്ധേയമായ ഗവേഷണങ്ങളാണ് അജിത്തിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 2015-ല്‍ ആദ്യമായി ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയപ്പോള്‍ അതിനു നിമിത്തമായ തമോദ്വാരങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ ഗവേഷണ ഫലങ്ങള്‍ ഏറെ പ്രയോജനപെട്ടിരുന്നു.

