ഇന്ന് അത്തം… ഇന്നേക്ക് പത്താം നാള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ തിരുവോണം ആഘോഷിക്കാനായി ഒരുങ്ങി കഴിഞ്ഞു. ഇന്നുമുതല്‍ വീടുകളില്‍ പൂക്കളമിട്ടാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുക. ഒരിടവേളയ്ക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങളില്ലാതെ മലയാളി ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറായി കഴിഞ്ഞു. സെപ്റ്റംബര്‍ എട്ട് വ്യാഴാഴ്ചയാണ് തിരുവോണം.
വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ കേരളം വാണിരുന്ന അസുര ചക്രവര്‍ത്തി മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് വിശ്വാസം. തിരുവോണ നാളില്‍ പ്രജകളെ കാണാനെത്തുന്ന മഹാബലി ചക്രവര്‍ത്തിയെ സ്വീകരിക്കുന്നതിനായാണ് പ്രജകള്‍ പൂക്കളം ഒരുക്കിയിരുന്നതെന്നാണ് ഐതീഹ്യം.
പത്തുദിവസം മുറ്റത്തൊരുക്കുന്ന പൂക്കളം… ആദ്യ ദിനം തുമ്പപൂവിന്റെ ഒരു നിരയെ ഉണ്ടാവാന്‍ പാടുള്ളൂ. രണ്ടാമത്തെ ദിവസം രണ്ടു നിരയും രണ്ടു തരം പൂക്കളും ഉപയോഗിക്കാം . മൂന്നാം ദിനം മൂന്നു നിരയും മൂന്ന് തരം പൂക്കളും ഉപയോഗിക്കുന്നു. ചോതി നാളില്‍ ഇടുന്ന പൂക്കളം മുതലേ ചുവന്ന പൂക്കളും ചെമ്പരത്തിയും ഉപയോഗിക്കൂ. ഉത്രാടത്തിന് പൂക്കളം പരമാവധി വലുപ്പത്തില്‍ ഇടുകയും മൂലം നാളില്‍ പൂക്കളം ചതുരാകൃതിയിലും ആയിരിക്കണം. ചിലയിടങ്ങളില്‍ ഓരോ ദിനം ഓരോ നിറത്തിലുള്ള പൂക്കളില്‍ തുടങ്ങി പത്താം നാള്‍ പത്തു നിറത്തിലുള്ള പൂക്കള്‍ കൊണ്ട് പൂക്കളം ഒരുക്കുന്നു
അതേസമയം, ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയത്തിനായി നാട് ഒരുങ്ങിക്കഴിഞ്ഞു. അത്തം നഗറില്‍ പതാക ഉയരുന്നതിന് പിന്നാലെ വര്‍ണ്ണാഭമായ ഘോഷയാത്രയുമുണ്ടാകും. ഇതോടെ ഓണത്തിന്റെ സംസ്ഥാന തലത്തിലെ ഔദ്യോഗിക ആഘോഷങ്ങള്‍ക്കും തുടക്കമാകും.
ഓണപ്പൂക്കളവും, ഓണക്കോടിയും, ഊഞ്ഞാലാട്ടവും, ആര്‍പ്പുവിളികളും, ഓണസദ്യയും, ഓണക്കളികളുമെല്ലാം മഹാമാരിയുടെ കാലത്തും മാറ്റ് കുറയാതെ തന്നെയുണ്ടാകും. പ്രളയവും മഹാമാരിയും പ്രതിസന്ധികള്‍ സൃഷ്ടിച്ചപ്പൊഴും ഓണത്തെ വരവേല്‍ക്കുന്നതില്‍ മലയാളികള്‍ വിമുഖത കാണിച്ചിട്ടില്ല. മണ്ണും മനുഷ്യരും പ്രകൃതിയും ഒരുപോലെ കൊണ്ടാടുന്ന പൊന്നോണമെത്തുമ്പോള്‍ ആഘോഷങ്ങളില്ലാതിരിക്കുന്നതെങ്ങനെ.