സിബ്‌ഗത്തുള്ള
കോഴിക്കോട് : കോവിഡ് കാലത്തെ ബലി പെരുന്നാളിനിടയിൽ സന്തോഷവും നിരാശയും പങ്കു വെക്കുകയാണ് കുന്ദമംഗലം പന്തീർപ്പാടം മൂലാടം മണ്ണിലെ അയമുട്ടിഹാജി, മറിയുമ്മ ദമ്പതികൾ. 85 വയസ് പ്രായത്തിനിടയിൽ ഇത്തവണയല്ലാതെ ഒരിക്കൽ പോലും പെരുന്നാളിന് പുറത്തിറങ്ങാതിരുന്നിട്ടില്ല എന്ന നിരാശയാണ് ഭർത്താവ് അയമുട്ടിഹാജിക്ക്. എന്നാൽ ജീവിതത്തിലാദ്യമായി കയ്യിലിട്ട മൈലാഞ്ചി ഭർത്താവ് നോക്കിയ സന്തോഷത്തിലാണ് മറിയുമ്മ.
അയമുട്ടിഹാജി വർഷങ്ങളായി മൃഗ ബലിയിൽ പങ്കെടുത്തും പെരുന്നാൾ ദിനത്തിൽ പള്ളികളിലെത്തി നിസ്കാരം നടത്തിയും ഇത്രയും കാലം മുന്നോട്ട് പോയി. എന്നാൽ ജീവിച്ച രീതിയിൽ നിന്നും മാറി വീട്ടിൽ തന്നെ ഒതുങ്ങി കൂടിയൊരു ആഘോഷം ഇതാദ്യം.
എന്നാൽ ഭാര്യ മറിയുമ്മയ്ക്കാവട്ടെ കോവിഡ് നാട്ടിൽ പടർന്നു പിടിക്കുന്നതിൽ സങ്കടം ഉണ്ടെങ്കിലും ഭർത്താവിനെ ഇത്തവണയെങ്കിലും പെരുന്നാളിന് അടുത്ത് കിട്ടിയ സന്തോഷത്തിലാണ്. വിവാഹം കഴിഞ്ഞ ശേഷം ഏറെ തിരക്കുള്ള ഭർത്താവിനെ ഒന്ന് അടുത്ത് കിട്ടുന്നത് തന്നെ അപൂർവ്വമായിരുന്നത്രെ. കോഴിക്കോട് ജില്ലയിലെ തന്നെ ലോറി വ്യവസായികളിലെ തുടക്കക്കാരൻ, കിസാൻ ട്രാൻസ്‌പോർട് ഉടമ, നല്ലൊരു കൃഷിക്കാരൻ, മഹല്ല് കമ്മറ്റിയുടെ പ്രസിഡണ്ട് ഇങ്ങനെ എല്ലാ തിരക്കിനിടയിലും ഒന്ന് കണ്ടു കിട്ടണ്ടേ… എന്നാൽ ഇത്തവണ ഒന്നിച്ചിരിക്കുകയാണ്. കയ്യിൽ ഇട്ടിരിക്കുന്ന മൈലാഞ്ചിയുടെ മൊഞ്ച് പുയ്യാപ്ലയെ കാണിച്ചു കൊടുക്കുകയാണ്. ഒന്നിച്ചു ജീവിതം ആരംഭിച്ചിട്ട് വർഷം കുറച്ചായെങ്കിലും ഇതാദ്യമായാണ് കയ്യിലെ മൈലാഞ്ചി മൊഞ്ചോന്ന് മൂപ്പര് കാണുന്നതെന്നു മറിയുമ്മ പറയുന്നു.
ഇടയ്ക്കൊക്കെ ഒരു ചേർത്ത് വെക്കൽ നമ്മുടെ കൂടെയുള്ളവർക്ക് എത്രത്തോളം സന്തോഷം തരുമെന്നത് കോവിഡ് പശ്ചാത്തലത്തിലെ ലോക്ക് ഡൗൺ നമ്മെ പഠിപ്പിച്ചതാണ്. ഇന്ന് മറിയുമ്മ പറയുന്നതും ഇത് തന്നെയാവണം. എങ്കിലും ഈ ദുരിതത്തോടുള്ള ബുദ്ധിമുട്ടും മറിച്ച് വെക്കാനാവില്ലല്ലോ
65 വയസ്സ് കഴിഞ്ഞവർക്കും കുട്ടികൾക്കും രോഗബാധ പെട്ടെന്ന് ഏൽക്കാം എന്നത് കൊണ്ട് തന്നെ പുറത്തിറങ്ങാൻ യാതൊരു നിവർത്തിയും നിലവിൽ ഇല്ല. അതോടെ നഷ്ട്ടപ്പെട്ടത് അങ്ങാടികളിൽ ഇരുന്നുള്ള സൊറ പറച്ചിലുകളും, ഇടക്കുള്ള അങ്ങാടിയിലിറങ്ങിയുള്ള ചായ കുടിയുമെല്ലാമാണ്. ഇവിടങ്ങളായിരുന്നു സൗഹൃദങ്ങളുടെ ഒത്തു ചേരലുകൾ. അത് നഷ്ട്ടപ്പെട്ടുവെന്ന് അയമുട്ടി ഹാജി പറയുന്നു. സാങ്കേതിക വിദ്യകളെ കുറിച്ച് വലിയ അവബോധവും ഇത്തരം വയോധികർക്ക് ഇല്ലതാനും.
അവർ ഇപ്പോഴും കാത്തിരിക്കുകയാണ് പഴയത് പോലെ ഒന്ന് പുറത്തിറങ്ങി നടക്കാൻ. തമ്മിലുള്ള അകലം കുറച്ച്, മുഖമറ നീക്കി ഒന്ന് സംസാരിക്കാൻ. അടുത്ത പെരുന്നാളിനെങ്കിലും ഒന്ന് ഒത്തുചേരാൻ. അത്തരം ആഗ്രഹമുള്ള കൂട്ടത്തിലെ ഒരു പ്രതിനിധി മാത്രമാണ് അയമുട്ടി ഹാജി. വീട്ടിൽ അടക്കപെട്ട് പോയ അയമുട്ടി ഹാജിയെ പോലുള്ള ഒരുപാട് നല്ല മനുഷ്യ മനസുകളെയും അവരെ ഹൃദയത്തിൽ ചേർത്ത് നിർത്തുന്ന മറിയുമ്മമാർക്കും പ്രത്യാശയുടെയും പ്രാർത്ഥനയുടെയും വലിയ പെരുന്നാൾ നേരുന്നു.

