ഒരു മാസം നീണ്ട പ്രചാരണത്തിന് ഒടുവില്‍ തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലെത്തും.ഇന്നലെ വൈകിട്ട് ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളേജിൽ രാവിലെ ഏഴര മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണുള്ളത്. ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.സഭ മുതല്‍ വ്യാജ വീഡിയോ വരെ മണ്ഡലം ചര്‍ച്ച ചെയ്ത ശേഷമാണ് നാളെ തൃക്കാക്കര വിധിയെഴുതുന്നത്. നിശബ്ദ പ്രചാരണമായ ഇന്ന് ആളുകളെ നേരില്‍ കണ്ട് വോട്ടുറപ്പിക്കുന്ന തിരിക്കിലായിരിക്കും സ്ഥാനാര്‍ത്ഥികള്‍.പതിനായിരത്തിനും ഇരുപത്തി അയ്യായിരത്തിനും ഇടയില്‍ ഭൂരിപക്ഷം ഉമയ്ക്കു കിട്ടുമെന്നാണ് യുഡിഎഫ് കണക്ക്. അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് ജോ ജയിക്കുമെന്നാണ് സിപിഐഎം ഘടകങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ അന്തിമ റിപ്പോര്‍ട്ട്.
കലാശക്കൊട്ടിലെ പ്രവര്‍ത്തക പങ്കാളിത്തം കൂടി കണ്ടതോടെ തൃക്കാക്കരയില്‍ വിജയം ഉറപ്പിക്കുകയാണ് യുഡിഎഫ്. അന്തിമ കണക്കെടുപ്പിനൊടുവില്‍ ഡിസിസി നേതൃത്വം കെപിസിസിക്ക് നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് ഉമയ്ക്ക് പതിനായിരത്തില്‍ കുറയാത്ത ഭൂരിപക്ഷം ഉറപ്പു പറയുന്നു.