മലപ്പുറം പാണമ്പ്രയിൽ യുവതികളെ മർദിച്ച പ്രതി സി എച് ഇബ്റാഹീം ഷബീർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ സിംഗിൾ ബഞ്ച് ജസ്റ്റിസ് എ എ സിയാദ് റഹ്മാന് മുൻപാകെ അപേക്ഷ സമർപ്പിച്ചു.
ഈ മാസം 16 ന് അപകടകരമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത സഹോദരിമാരെ ഷബീർ ക്രൂരമായി മർദിക്കുകയായിരുന്നു. ദേശീയ പാതയിൽ ജനക്കൂട്ടത്തിനിടയിൽ വെച്ച് യുവാവ് അഞ്ച് തവണ പെൺകുട്ടിയുടെ മുഖത്തടിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിക്കുകയും ഷബീറിനെതിരെ കേസെടുക്കുകയും ചെയ്തു.
പെൺകുട്ടികൾ കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. അമിത വേഗത്തിലെത്തിയ കാർ ഇടത് വശത്തുകൂടെ ഓവർടേക്ക് ചെയ്തതാണ് പെൺകുട്ടികൾ ചോദ്യം ചെയ്തത്. തുടർന്ന് ഇയാൾ പെൺകുട്ടികളെ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു. ദൃശ്യങ്ങൾ തൊട്ടടുത്ത് നിന്നയാളാണ് പകർത്തിയത്.

