കോഴിക്കോട് : വ്യാജ സന്ദേശത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സാംബ ശിവ റാവു. കഴിഞ്ഞ ദിവസങ്ങളിലായി നവ മാധ്യമങ്ങൾ വഴി കോവിഡ് രോഗപ്രതിരോധ മാർഗങ്ങൾ എന്ന രീതിയിൽ കളക്ടറുടെ ശബ്ദ സന്ദേശം എന്ന വ്യാജേന നടത്തിയ പ്രചാരണത്തിനെതിരെയാണ് നടപടി. സംഭവം പ്രചരിപ്പിച്ചവരെ പിടികൂടാൻ ഉത്തരവ് നൽകി കഴിഞ്ഞു.
വാർത്തയുടെ ഉറവിടം മനസിലാക്കാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനുമായി കോഴിക്കോട് സൈബർ സെല്ലിന് ഉത്തരവ് നൽകി. എല്ലാവരും ജാഗ്രതയോടെ കൊറോണ നിർവ്യാപന പ്രവർത്തികളിൽ ഏർപ്പെടുന്ന ഈ സാഹചര്യത്തിൽ പ്രചരിക്കുന്ന ഇത്തരം വ്യാജസന്ദേശങ്ങൾ പൊതുജന ആരോഗ്യത്തിനും സുരക്ഷക്കും വലിയ വെല്ലുവിളിയും ആകുമെന്ന് ചൂണ്ടി കാണിച്ചാണ് കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതെന്ന് കളക്ടർ അദ്ദേഹത്തിന്റെ മുഖ പുസ്തകത്തിലൂടെ വ്യക്തമാക്കി. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് വിവരശുചിത്വവുമെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.