തിരുവനന്തപുരം: നെടുമങ്ങാട് കരുപ്പൂര് ഉഴപ്പാക്കോണം പുത്തന്‍ ബംഗ്ലാവില്‍ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി (20) യെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി. കേസില്‍ പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസില്‍ വിധി പറയുക. കൊലയ്ക്കു കാരണം പ്രതിയുമായുള്ള വിവാഹാലോചന സൂര്യഗായത്രിയും കുടുംബവും നിരസിച്ചത് കൊണ്ടെന്ന പ്രോസിക്യൂഷന് വാദം കോടതി ശരിവെച്ചു.
ഭിന്നശേഷിക്കാരും നിസഹായരുമായ മാതാപിതാക്കളുടെ മുന്നില്‍ വച്ചാണ് 20കാരിയായ മകളെ പ്രതി 33 പ്രാവശ്യം കുത്തി അതിക്രൂരമായി കൊലപ്പെടുത്തിയത്. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കുറ്റപത്രം. കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, ഭയപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് സൂര്യ ഗായത്രിയുടെ അമ്മ പറഞ്ഞു.
2021 ഓഗസ്റ്റ് 30ന് നെടുമങ്ങാടിനടുത്ത് ഉഴപ്പാക്കോണം എന്ന ഗ്രാമത്തിലാണ് കൊടുംക്രൂരത അരങ്ങേറിയത്. പേയാടിനടുത്ത് ചിറക്കോണത്ത് താമസിക്കുന്ന അരുണാണ് പ്രതി. കൊലയ്ക്ക് തൊട്ടുപിന്നാലെ നാട്ടുകാര്‍ അരുണിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. 88 സാക്ഷികളെ പ്രോസിക്യൂഷന് വിസ്തരിച്ചു. 60 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദീന്‍, വിനു മുരളി എന്നിവരാണ് ഹാജരായത്. ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്സ് അഡ്മിനിസ്ട്രേഷന് പോലീസ് സൂപ്രണ്ടായി ജോലി നോക്കിവരുന്ന ബി.എസ്. സജിമോനാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.

