കൊല്‍ക്കത്ത: നാല് മക്കളുടെ പിതാവും കാമുകനുമായ യുവാവിനെ 20കാരി വെടിവച്ച് കൊന്നു. ബംഗാളിലാണ് സംഭവം. ജംഷഡ്പൂര്‍ സ്വദേശിയായ അഖ്ലാഖ് ആലം ആണ് കൊല്ലപ്പെട്ടത്. പ്രതിയായ പരുള്‍ ഖാത്തൂറിനെ പൊലീസ് പിടികൂടി. കാമുകനെ കൊല്ലാനുപയോഗിച്ച തോക്കും സഞ്ചരിച്ച ബൈക്കും എവിടെ നിന്ന് ലഭിച്ചു എന്നതിനെ പറ്റി പരുള്‍ വെളിപ്പെടുത്തിയിട്ടില്ല. യുവതിയെ സഹായിച്ചയാളെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അഖ്ലാഖിനെ വെടിയേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ മദന്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും കണ്ടെത്തിയത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ചപ്പോഴാണ് അന്വേഷണം പരുള്‍ ഖാത്തൂറിലേയ്ക്കെത്തിയത്.
കഴിഞ്ഞ നാല് വര്‍ഷമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബന്ധം അവസാനിപ്പിക്കണമെന്ന് അടുത്തിടെ യുവതി പറഞ്ഞെങ്കിലും അഖ്ലാഖ് സമ്മതിച്ചിരുന്നില്ല. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് യുവതി പറഞ്ഞെന്ന് പൊലീസ് പറഞ്ഞു.