National

‘വൾ​ഗർ പ്രൊപ്പഗാണ്ട, അസ്വസ്ഥത അനുഭവപ്പെട്ടു’; കശ്മീർ ഫയൽസിനെതിരെ രൂക്ഷവിമർശനവുമായി ജൂറി ചെയർമാൻ ‍ഐഎഫ്എഫ്ഐ വേദിയിൽ

ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളക്കിടെ ‘ദി കശ്മീർ ഫയൽസി’നെതിരെ രൂക്ഷവിമർശനവുമായി ജൂറി ചെയർമാനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡ്. കശ്മീർ ഫയൽസ് ഒരു ‘വൾഗർ പ്രോപ്പ​ഗാണ്ട’ ചിത്രമായി തോന്നിയെന്നും ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ സിനിമ മൽസര വിഭാ​ഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ അത്ഭുതം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

നാദവിന്റെ പരസ്യപ്രതികരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. “മൽസര വിഭാ​ഗത്തിൽ 15-ാമത്തെ ചിത്രമായ ദി കശ്മീർ ഫയൽസ് ഞങ്ങളെയെല്ലാം അസ്വസ്ഥരാക്കുകയും ഞെട്ടിക്കുകയും ചെയ്തു. ഇത്തരമൊരു പ്രശസ്ത ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിൽ അയക്കേണ്ട ചിത്രമല്ല ഇതെന്ന് ഞങ്ങൾക്ക് തോന്നി. ഈ അഭിപ്രായം നിങ്ങളോട് തുറന്നുപറയാൻ എനിക്ക് ഒട്ടും മടിയില്ല. കലയുടെ ഉന്നമനത്തിനു വേണ്ടിയുള്ള ഇത്തരം വിമർശനാത്മക ചർച്ചകൾ നിങ്ങൾ സ്വീകരിക്കണം”, അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള മന്ത്രിമാർ പങ്കെടുത്ത ചടങ്ങിലായിരുന്നു ലാപിഡിന്റെ പരാമർശം.

കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് ​​അഗ്നിഹോത്രിയോ ചിത്രത്തിലെ അഭിനേതാക്കളോ അണിയറ പ്രവർത്തകരോ നാദവ് ലാപിഡിന്റെ പ്രസ്താവനയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്നാൽ തനിക്ക് കശ്മീർ ഫയൽസിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണുള്ളതെന്ന് മുംബൈയിലെ ഇസ്രായേൽ കോൺസൽ ജനറൽ കോബി ശോഷാനി സോഷ്യൽ മീഡിയയിൽ കുറിച്ചു. താൻ സിനിമ കണ്ടുവെന്നും നദവ് ലാപിഡിന്റേതിൽ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് തനിക്കുള്ളതെന്നും അക്കാര്യം ലാപിഡിനെ അറിയിച്ചെന്നും കോബി ശോഷാനി ട്വീറ്റ് ചെയ്തു.

എട്ടു മാസങ്ങൾക്കു മുൻപാണ് കശ്മീർ ഫയൽസ് തിയേറ്ററുകളിലെത്തിയത്. കഴിഞ്ഞയാഴ്ച ചലച്ചിത്രമേളയുടെ ഭാ​ഗമായി കാശ്മീർ ഫയൽസ് പ്രദർശിപ്പിച്ചിരുന്നു. കശ്മീർ താഴ്‌വരയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ചുള്ള സിനിമയാണ് ‘ദി കശ്മീർ ഫയൽസ്’. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയുടെ വിനോദ നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ബിജെപിക്കെതിരെ തിരിച്ചടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രം​ഗത്തെത്തിയിരുന്നു. ‘നികുതി ഒഴിവാക്കാൻ നിങ്ങൾ എന്തിനാണ് നിർബന്ധിക്കുന്നത്? സംവിധായകൻ വിവേക് അഗ്നിഹോത്രിയോട് സിനിമ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ പറയൂ. അപ്പോൾ എല്ലാവർക്കും സൗജന്യമായി കാണാമല്ലോ’, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങൾ സിനിമക്ക് നികുതി ഒഴിവാക്കി നൽകിയിരുന്നു. ബിഹാർ, മധ്യപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഗോവ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി ഒഴിവാക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!