മുംബൈ: ഈ വര്‍ഷത്തെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് യുഎഇ യില്‍ നടക്കും. നേരത്തെ പാകിസ്ഥാനില്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യ പങ്കെടുക്കാത്തതിനാല്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയും പാക്കിസ്ഥാനും കളിക്കുമെന്നും ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി അറിയിച്ചു.
ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലെ പ്രശ്നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും 2012-13 വര്‍ഷത്തിനു ശേഷം നേര്‍ക്കുനേര്‍ പരമ്പരകള്‍ കളിച്ചിട്ടില്ല. ഐസിസി നടത്തുന്ന ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്.
രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് സാധാരണയായി ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്. 2008ന് ശേഷം പാക്കിസ്ഥാന് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചിട്ടില്ല. 2010 ഏഷ്യ കപ്പ് നടന്നത് ശ്രീലങ്കയിലാണ്. പിന്നീടു മൂന്നു തവണ ബംഗ്ലദേശില്‍ നടന്നു. ഏറ്റവും ഒടുവില്‍ പരമ്പര നടന്നത് യുഎഇയിലാണ്. 2016 മുതല്‍ ട്വന്റി20, ഏകദിന പരമ്പരകളായി മാറിമാറിയാണ് ഏഷ്യ കപ്പ് നടത്തുന്നത്.

