ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള പാലക്കാട് നഗരസഭയില്‍ ചെയര്‍പേഴ്‌സന്റെയും വൈസ് ചെയര്‍മാന്റെയും ജാതി പറഞ്ഞ് ആശംസ നേര്‍ന്ന് ബി.ജെ.പി കൗണ്‍സിലര്‍. കൊപ്പം വാര്‍ഡില്‍നിന്ന് വിജയിച്ച കൗണ്‍സിലര്‍ വി.എസ്. മിനി കൃഷ്ണകുമാറാണ് ഫേസ്ബുക്കില്‍ ‘ജാതി’ പറഞ്ഞ് പോസ്റ്റിട്ടത്.
‘പാലക്കാട് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ആയി ഇ. കൃഷ്ണദാസ് (നായര്‍ സമുദായം), ചെയര്‍ പേഴ്‌സന്‍ ആയി പ്രിയ അജയന്‍ (മൂത്താന്‍ സമുദായം) എന്നിവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.’ എന്നായിരുന്നു പോസ്റ്റ്. സംഭവം വിവാദമായതോടെ ഇത് എഡിറ്റ് ചെയ്തു.
ചെയര്‍പേഴ്‌സന്‍ സ്ഥാനം ലഭിക്കാത്തതില്‍ നേരത്തെ ഇവര്‍ പ്രതിഷേധം അറിയിച്ചിരുന്നു. അതിനിടെ, നഗരസഭയില്‍ ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പില്‍ ഓപ്പണ്‍ വോട്ട് വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. എന്നാല്‍, രഹസ്യബാലറ്റ് മതിയെന്ന് മിനി കൃഷ്ണകുമാറും പ്രതിപക്ഷവും ആവശ്യപ്പെട്ടതിനേ തുടര്‍ന്ന് രഹസ്യ ബാലറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്.