അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മുമ്പ് മാവേലിക്കര നഗരസഭയില്‍ ഭരണം യുഡിഎഫ് ഉറപ്പിച്ചു. സിപിഎം വിമതന്‍ കെ വി ശ്രീകുമാറിന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണമുറപ്പാക്കിയത്. ശ്രീകുമാറിന് കോണ്‍ഗ്രസ് അംഗത്വം നല്‍കിയാകും നഗരസഭാ ചെയര്‍മാന്‍ ആക്കുക. ആദ്യ മൂന്ന് വര്‍ഷം അധ്യക്ഷ സ്ഥാനം നല്‍കാമെന്നാണ് യുഡിഎഫ് വാഗ്ദാനം.
മാവേലിക്കര നഗരസഭയിലെ 28 സീറ്റുകളില്‍. ഒരു സ്വതന്ത്രനും ഒന്‍പത് വീതം സീറ്റുകളില്‍ എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും വിജയിച്ചതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സിപിഎം വിമതന്‍ കെ വി ശ്രീകുമാര്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നവരെ പിന്തുണയ്ക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. പാര്‍ട്ടി പുറത്താക്കിയെങ്കിലും ഇപ്പോഴും അനുഭാവം ഇടതിനോടാണെന്നും ഫലം വന്നപ്പോള്‍ ശ്രീകുമാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ചെയര്‍മാന്‍ പദവിയെന്ന ആവശ്യത്തോടെ എല്‍ഡിഎഫ് മുഖം തിരിക്കുകയായിരുന്നു.