കൊല്ലം: ഓയൂരില്‍ നിന്നും ഇന്നലെ വൈകീട്ട് മുതല്‍ കാണാതായ ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തിരച്ചില്‍ 17 മണിക്കൂര്‍ പിന്നിട്ടു. സംസ്ഥാന വ്യാപകമായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികള്‍ എന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
പ്രതികള്‍ എത്തിയ പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം, ശ്രീകാര്യം എന്നിവിടങ്ങളില്‍ നിന്നും മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് സംഭവവുമായി ബന്ധമുള്ളതിന് പൊലീസിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് സൂചന.
ഇന്നലെ വൈകിട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍ വെച്ചാണ് അബിഗേല്‍ സാറ എന്ന കുട്ടിയെ വെള്ള കാറിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്.