കൊല്ലം: ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ കൃത്യം നടത്തിയത് വ്യക്തമായ ആസൂത്രണത്തിലൂടെ. പ്രതികള്‍ എന്ന് സംശയിക്കുന്നവര്‍ പാരിപ്പള്ളിക്ക് സമീപത്തെ എല്‍പിഎസ് ജംഗ്ഷനിലെ കടയിലെത്തിയത് ഏഴരയോടെയാണെന്ന് കടയുടമ. ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് പ്രതികള്‍ ആറുവയസുകാരിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. കടയിലെത്തിയ പുരുഷനെയും സ്ത്രീയെയും കണ്ടാല്‍ തിരിച്ചറിയുമെന്നും കടയുടമ പറഞ്ഞു.
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അബിഗേല്‍ സാറ റെജി. മൂത്ത സഹോദരന്‍ നാലാം ക്ലാസുകാരനായ ജൊനാഥന്‍ റെജിയുമൊത്ത് സ്‌കൂള്‍ ബസില്‍ വീട്ടിലെത്തിയതാണ് ഇരുവരും. അല്‍പനേരം കഴിഞ്ഞ് ഇരുവരും ട്യൂഷന്‍ സെന്ററിലേക്ക് പോയി. മാതാപിതാക്കളായ റെജിയും സജിയും ജോലിസ്ഥലത്തായിരുന്നു. വീട്ടില്‍ നിന്ന് കഷ്ടിച്ച് 100 മീറ്റര്‍ അകലെയാണ് ട്യൂഷന്‍ സെന്റര്‍. റെജിയുടെ അച്ചന്‍ ജോണിയും അമ്മ ലില്ലിക്കുട്ടിയും ചേര്‍ന്നാണ് കുട്ടികളെ ട്യൂഷന്‍ സെന്ററിലേക്ക് കൊണ്ടുപോയിരുന്നതും വിളിച്ചുകൊണ്ട് വരാറുള്ളതും. എന്നാല്‍ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് സംഭവ ദിവസം കുട്ടികള്‍ക്കൊപ്പം പോകാതിരുന്നത്.
കുട്ടിയെ കടത്തിയ പ്രതികള്‍ പിന്നീട് കടയിലെത്തി. സംശയം തോന്നാതിരിക്കാന്‍ സംഘത്തിലുള്ള സ്ത്രീയാണ് പുറത്തിറങ്ങിയത്. വീട്ടിലേക്കുള്ള പതിവ് പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നത് പോലെ തേങ്ങ, റസ്‌ക്, ബിസ്‌ക്കറ്റ് എന്നിവ വാങ്ങി. ശേഷം കടയുടമയുടെ ഫോണ്‍ വാങ്ങി കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഒരു സ്ത്രീയാണ് കുട്ടിയുമായി എത്തിയത് എന്നുള്ളതുകൊണ്ടും, അസ്വാഭാവികതയൊന്നും അനുഭവപ്പെടാതിരുന്നതുകൊണ്ടും തന്നെ കടയുടമയ്ക്ക് ആദ്യഘട്ടത്തില്‍ സംശയം തോന്നിയിരുന്നില്ല.
മരുതമണ്‍പള്ളി-അമ്പലംകുന്ന് റോഡില്‍ വച്ചാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത്. പലപ്പോഴും വിജനമാണ് ഈ പ്രദേശം. ഇത് കൃത്യമായി അറിയാവുന്ന അക്രമികള്‍ അതുകൊണ്ടാണ് കൃത്യം നടത്താനായി ഈ സ്ഥലം തന്നെ തെരഞ്ഞെടുത്തിരിക്കുക. വ്യക്തമായ ആസൂത്രണത്തോടെ നടന്ന ഈ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ലക്ഷ്യം പണം മാത്രമാണോയെന്നും ഈ ഘട്ടത്തില്‍ പൊലീസ് സംശയിക്കുന്നുണ്ട്.