വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ അദാനി ഗ്രൂപ്പ് നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.വിഴിഞ്ഞം സമരത്തില്‍ പോലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണെന്ന വാദമാണ് കേസ് പരിഗണിക്കുമ്പോള്‍ തന്നെ അദാനി ഗ്രൂപ്പ് ഉന്നയിച്ചത്. പോലീസിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. മാസങ്ങളായി നിര്‍മാണപ്രവൃത്തികള്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് കോടികളാണ് തങ്ങള്‍ക്ക് നഷ്ടമെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനും ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. യുക്തിരഹിതമായാണ് സമരക്കാര്‍ പെരുമാറുന്നത്. ഞായറാഴ്ചത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യം അദാനി ശക്തമാക്കി.തുറമുഖനിര്‍മാണത്തിന് സാധനങ്ങളുമായി എത്തിയ ലോറി തടഞ്ഞപ്പോള്‍ പോലീസ് കാഴ്ചക്കാരായി. നിയമം കയ്യിലെടുക്കാന്‍ വൈദികരടക്കം നേതൃത്വം നല്കുന്നു. സ്വന്തം നിയമംനടപ്പാക്കുന്ന ഒരു കൂട്ടരാണ് വിഴിഞ്ഞത്തേത്. രാജ്യത്തെ നിയമസംവിധാനത്തെ ഇവര്‍ വിലകല്‍പ്പിക്കുന്നില്ലെന്നും അദാനി ഗ്രൂപ്പ് കോടതിയില്‍ പറഞ്ഞു.വിഴിഞ്ഞം തുറമുഖ നിർമാണ പ്രവര്‍ത്തനത്തിന് സമരക്കാരിൽ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്കിയ ഹർജി ഇന്നാണ് ഹൈക്കോടതി പരിഗണിച്ചത്.ഞായറാഴ്ചയുണ്ടായ പോലീസ് സ്റ്റേഷന് ആക്രമണത്തില്‍ 3,000ത്തോളം പേര് ഉണ്ടായിരുന്നെന്നും 40 പോലീസുകാര്‍ക്ക് പരിക്കേറ്റുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി. ഇത്തരം വിവരങ്ങളെല്ലാം സത്യവാങ്മൂലമായി സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ നഷ്ടം പ്രതിഷേധക്കാരില്‍ നിന്നും ഈടാക്കുമെന്നും പരിക്കേറ്റ സ്റ്റേഷന് ഹൗസ് ഓഫീസറടക്കം ചികിത്സയിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടിയതോടെയാണ് കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. പരിമിതമായ കാര്യങ്ങള്‍ കോടതിയെ അറിയിച്ചശേഷം വിശദമായ സത്യവാങ്മൂലം വെള്ളിയാഴ്ച നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.