മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139.5 അടിയാക്കി നിലനിര്‍ത്തും. മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശത്തില്‍ കേരളവും തമിഴ്‌നാടും ധാരണയിലെത്തി. നവംബര്‍ 10 വരെ ജലനിരപ്പ് 139.5 അടിയില്‍ കൂടാന്‍ പാടില്ല എന്ന് കോടതി നിര്‍ദ്ദേശിച്ചു. 137 ആണ് കേരളം ആവശ്യപ്പെട്ടിരുന്നതെങ്കിലും പല ഘട്ടത്തില്‍ കേരളത്തിന് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നിരുന്നു. നവംബര്‍ 8ന് കേരളം സത്യവാങ്മൂലം നല്‍കണം.
അതേസമയം, മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ള ആളുകളെ ഒഴിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചു. 883 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കുക. നിലവില്‍ ആളുകള്‍ ക്യാമ്പിലേക്ക് എത്തിത്തുടങ്ങിയിട്ടില്ല. ബന്ധുവീടുകളിലേക്കാണ് പലരും മാറുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 138.15 അടിയായി. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.
അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രിംകോടതിയില്‍ നിലപാടറിയിച്ച് കേരളം. കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും 30 ലക്ഷം ജനങ്ങളുടെ ജീവന്റെ വിഷയത്തിലുള്ള ആശങ്കയ്ക്ക് പ്രാധാന്യം നല്‍കണമെന്നും കേരളം സുപ്രിംകോടതിയില്‍ വ്യക്തമാക്കി. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും. തമിഴ്നാടിന്റെ റൂള്‍ കര്‍വ് സ്വീകാര്യമല്ല. ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകള്‍ മേല്‍നോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം കോടതിയെ അറിയിച്ചു. നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്നും പുതിയ അണക്കെട്ട് നിര്‍മ്മിക്കുകയാണ് യുക്തമായ നടപടിയെന്നും കേരളം സുപ്രിംകോടതിയില്‍ നിലപാട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സുപ്രിംകോടതി നിര്‍ദേശപ്രകാരം മേല്‍നോട്ട സമിതി വിളിച്ച കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കേരളം ആശങ്കകള്‍ അറിയിച്ചിരുന്നു. യോഗത്തില്‍ കേരളത്തിന്റെ 137 അടിയാക്കി ജലനിരപ്പ് കുറയ്ക്കുക എന്ന ആവശ്യത്തോട് അനുകൂല നിലപാടായിരുന്നു മേല്‍നോട്ട സമിതി സ്വീകരിച്ചത്. എന്നാല്‍ പിന്നീട് സുപ്രിംകോടതിയില്‍ എത്തിയപ്പോള്‍ വിപരീത നിലപാടാണ് മേല്‍നോട്ട സമിതി സ്വീകരിച്ചത്. ഇതിനെ എതിര്‍ത്ത കേരളത്തോട് ഇന്ന് നിലപാട് അറിയിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനിടെ മുല്ലപ്പെരിയാര്‍ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ആശങ്ക വേണ്ട. 20ഓളം ക്യാമ്പുകള്‍ തയാറാക്കിയിട്ടുണ്ട്. രോഗബാധിതരെയും പ്രായമായവരെയും ആദ്യം മാറ്റും. 20 റവന്യു ഉദ്യോഗസ്ഥര്‍ക്ക് 20 ക്യാമ്പിന്റെ ചുമതല നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥ തലത്തില്‍ പ്രത്യേക ചുമതല നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.